അരൂർ–തുറവൂർ എലിവേറ്റഡ് ഹൈവേ
തുറവൂർ: ദേശീയപാത 66ലെ അരൂർ–തുറവൂർ എലിവേറ്റഡ് ഹൈവേ 2027 മാർച്ച് മാസത്തിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. പദ്ധതിയുടെ നിർമാണം പൂർത്തീകരണഘട്ടത്തിലെത്തിയതോടെ അടുത്ത ആഴ്ച മുതൽ ലോഡ് ടെസ്റ്റ് നടപടികൾ ആരംഭിക്കും. പാലത്തിന്റെ സുരക്ഷയും ഭാരം താങ്ങാനുള്ള ശേഷിയും ഉറപ്പാക്കുന്നതിനുള്ള നിർണായക പരിശോധനയാണ് ലോഡ് ടെസ്റ്റ്. പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും പാത ഗതാഗതത്തിനായി തുറന്നുകൊടുക്കുക. കേരളത്തിലെ ദേശീയപാത വികസനത്തിലെ പ്രധാന പദ്ധതികളിലൊന്നായ അരൂർ–തുറവൂർ എലിവേറ്റഡ് ഹൈവേ യാഥാർഥ്യമാകുന്നതോടെ അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെതുടക്കം മുതൽ
അരൂർ–തുറവൂർ ദേശീയപാതയിൽ പതിവായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ആറുവരിപ്പാതയുള്ള എലിവേറ്റഡ് ഹൈവേ പദ്ധതി വിഭാവനം ചെയ്തത്. ദേശീയപാത 66ന്റെ വികസനത്തിന്റെ ഭാഗമായാണ് ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്. മഹാരാഷ്ട്ര ആസ്ഥാനമായ അശോക ബിൽഡ്കോൺ കമ്പനിയാണ് നിർമാണച്ചുമതല ഏറ്റെടുത്തത്.
2023 ഫെബ്രുവരി ഒന്നിനാണ് പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. 2026 ജനുവരി 31 ആയിരുന്നു ആദ്യ കരാർപ്രകാരമുള്ള നിർമാണപൂർത്തീകരണ തീയതി. എന്നാൽ കാലാവസ്ഥാ പ്രതികൂലതകൾ, നിർമാണത്തിനിടെയുണ്ടായ അപകടങ്ങൾ, വൈദ്യുതി ലൈനുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ, ഡിസൈൻ മാറ്റങ്ങൾ എന്നിവ നിർമാണം വൈകാൻ കാരണമായി.
നിർമാണത്തിലെപ്രത്യേകതകൾ
നിലവിലുള്ള ദേശീയപാതയ്ക്ക് മുകളിലായി ഒറ്റനിര തൂണുകളിലാണ് ആറുവരിപ്പാത നിർമിച്ചിരിക്കുന്നത്. ഇതുവഴി കൂടുതൽ ഭൂമി ഏറ്റെടുക്കാതെ തന്നെ ഉയരപ്പാത നിർമിക്കാൻ സാധിച്ചു. ഓരോ തൂണിനും ഒൻപത് മീറ്റർ ഉയരമുണ്ട്. പാതയുടെ ഇരുവശങ്ങളിലും ശബ്ദമലിനീകരണം കുറയ്ക്കുന്നതിനുള്ള നോയ്സ് ബാരിയറുകൾ സ്ഥാപിക്കുന്നുണ്ട്. സുതാര്യമായ പോളികാർബണേറ്റ് പാനലുകൾ ഉപയോഗിച്ചുള്ള ഈ സംവിധാനം സംസ്ഥാനത്ത് ദേശീയപാതയിലെ ഇത്തരം പദ്ധതികളിൽ ആദ്യത്തേതാണ്. സൗരോർജ വിളക്കുകൾ, ഭൂഗർഭ വൈദ്യുത കേബിളുകൾ, ആധുനിക ടോൾ സംവിധാനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
തുറവൂരിൽ നിർമാണംനീട്ടിയതെന്തിന്?
പദ്ധതിയുടെ സമയപരിധി വീണ്ടും നീളാൻ പ്രധാന കാരണങ്ങളിലൊന്ന് തുറവൂർ ഭാഗത്ത് വരുത്തിയ ഡിസൈൻ മാറ്റമാണ്. നേരത്തെയുള്ള രൂപരേഖയിൽ തിരക്കേറിയ തുറവൂർ ജംഗ്ഷനിൽത്തന്നെ ഉയരപ്പാത അവസാനിപ്പിച്ച് എക്സിറ്റ് റാംപ് ഒരുക്കാനായിരുന്നു തീരുമാനം. എന്നാൽ ഇത് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് വർധിപ്പിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് ഉയരപ്പാത തുറവൂർ ക്ഷേത്രം വരെയുള്ള ഭാഗത്തേക്ക് നീട്ടാൻ തീരുമാനിച്ചു. ഇതിനായി ഏകദേശം 150 മീറ്റർ നീളത്തിൽ ആറു സ്പാുകൾ കടി ഉൾപ്പെടുത്തി. ഈ അധിക നിർമാണമാണ് സമയപരിധി നീളുന്നതിന് പ്രധാന കാരണമായത്.
നിർമാണം 94 ശതമാനംപൂർത്തിയായി
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പദ്ധതിയുടെ 94 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. ഇനി അരൂർ ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണവും അരൂർ, എരമല്ലൂർ, തുറവൂർ ഭാഗങ്ങളിലെ പ്രവേശന–പുറത്തിറങ്ങൽ സൗകര്യങ്ങളുമായി ബന്ധപ്പെട്ട ജോലികളുമാണ് പ്രധാനമായും അവശേഷിക്കുന്നത്. അടുത്ത ആഴ്ച മുതൽ ലോഡ് ടെസ്റ്റ് ആരംഭിക്കുന്നതോടെ നിർമാണം നിർണായകമായ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്.
ഗതാഗതക്കുരുക്കിന് പരിഹാരമാകുമോ?
നിലവിൽ അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയപാതയിൽ തിരക്കേറിയ സമയങ്ങളിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്ന സ്ഥിതിയുണ്ട്. എലിവേറ്റഡ് ഹൈവേ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതോടെ ദീർഘദൂര യാത്രക്കാർക്കും ചരക്കുവാഹനങ്ങൾക്കും വലിയ ആശ്വാസമാകും. അതേസമയം, താഴെയുള്ള നിലവിലെ ദേശീയപാതയിലൂടെയുള്ള പ്രാദേശിക ഗതാഗതവും തുടരും.
2027 മാർച്ചിൽ പാത ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് ഇപ്പോഴത്തെ ലക്ഷ്യം. ലോഡ് ടെസ്റ്റും തുടർന്നുള്ള സുരക്ഷാ പരിശോധനകളും അനുബന്ധ നിർമാണങ്ങളും പൂർത്തിയാകുന്നതോടെ അരൂർ–തുറവൂർ മേഖയിലെ ഗതാത ചരിത്രത്തിൽ പുതിയ അധ്യായം തുറക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Tags :