പെരുവേലിൽചാൽ പുഞ്ചയ്ക്ക് കുറുകെയുള്ള ചുനക്കര-നൂറനാട് ബണ്ട് റോഡ്.
ചാരുംമൂട്: ചുനക്കരയെയും നൂറനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബണ്ട് റോഡിന് ഇരുവശവും അപകടം ഒഴിവാക്കാൻ സംരക്ഷണവേലി നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നൂറനാട്, ചുനക്കര പ്രദേശങ്ങളിലെ നിരവധി വിദ്യാർഥികൾ വിദ്യാലയങ്ങളിലേക്ക് യാത്രയ്ക്കായി ഉപയോഗിക്കുന്നത് ഈ ബണ്ട് റോഡാണ്.പ്രദേശത്തെ നിരവധി കുടുംബങ്ങളും വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കാൻ നയന മനോഹരമായ ബണ്ട് റോഡിൽ എത്താറുണ്ട്. മീൻപിടിക്കാനായി നിരവധി യുവാക്കളും എത്താറുണ്ട്.
നൂറനാടിനെയും ചുനക്കരയെയും ബന്ധിപ്പിക്കാനുള്ള എളുപ്പവഴിയാണ് ബണ്ട് റോഡ്. 2024ലായിരുന്നു റോഡിന്റെ ഉദ്ഘാടനം നടന്നത്. 2019ലാണ് പെരുവേലിച്ചാൽ പുഞ്ചയ്ക്കു കുറുകെ 788 മീറ്റർ നീളത്തിൽ ബണ്ടു പണിതത്. 2,500 ഏക്കർ വിസ്തൃതിയുള്ള പുഞ്ചയിലെ കാർഷികവികസനം കൂടി ലക്ഷ്യമിട്ടാണ് ബണ്ട് നിർമിച്ചത്. മഴക്കാലത്ത് ബണ്ട് വെള്ളത്തിൽ മുങ്ങുന്നതിനാൽ റോഡ് ഉയർത്തി ഉപരിതലം കോൺക്രീറ്റ് ചെയ്യുകയായിരുന്നു. രണ്ടു വാഹനങ്ങൾ എതിർദിശയിലേക്കു ഒരേസമയം കടന്നുപോകാൻ റോഡിലൂടെ ബുദ്ധിമുട്ടാണ്. സംസ്ഥാന ഫിഷറീസ് വകുപ്പ് അഞ്ചുവർഷം മുമ്പ് 1.19 കോടി രൂപ മുടക്കിയാണ് ബണ്ടുറോഡ് പണിതത്.
നൂറനാട് പുലിമേൽ നിവാസികൾക്ക് ചുനക്കരയ്ക്കും മാവേലിക്കരയ്ക്കും ചുനക്കര നിവാസികൾക്ക് നൂറനാട് പോകാനുമുള്ള എളുപ്പവഴികൂടിയാണിത്. ബണ്ട് റോഡിന്റെ മധ്യഭാഗത്തുള്ള പാലത്തിനു വീതി കുറവാണ്. നവീകരിച്ച ബണ്ട് റോഡിൽ കൈവരി സംരക്ഷണവേലിയും കാർഷിക ആവശ്യത്തിനുള്ള റാംപുകളും പണിയണമെന്നാണു കർഷകരുടെ ആവശ്യം. പകലും രാത്രിയും നിരന്തരം വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നു പോകുന്ന ബണ്ട് റോഡ് കൈവരി കെട്ടി സുരക്ഷിതമാക്കിയില്ലെങ്കിൽ അപകടസാധ്യത കൂടുതലാണ്.
Tags : Nattuvishesham District news