ചാരുംമൂട് പാലൂത്തറയിൽ അപകടഭീഷണി ഉയർത്തിനിൽക്കുന്ന മരം.
ചാരുംമൂട്: കെ.പി. റോഡിൽ വിവിഎച്ച്എസ് സ്കൂളിന് സമീപമുള്ള പാലൂത്തറ ജംഗ്ഷനിൽ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന കൂറ്റൻ മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ദിവസം മരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണത് നാട്ടുകാരിൽ ഭീതി വിതച്ചു. മരം ഒടിഞ്ഞുവീഴുമ്പോൾ തിരക്കേറിയ റോഡിലൂടെ വാഹനങ്ങളോ കാൽനടയാത്രക്കാരോ കടന്നുപോകാതിരുന്നതിനാലാണ് വൻദുരന്തം ഒഴിവായത്.
റോഡിലേക്ക് ചരിഞ്ഞുനിൽക്കുന്ന കൂറ്റൻ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്കും മറ്റ് ബന്ധപ്പെട്ട വകുപ്പുകൾക്കും നിരവധി തവണ പരാതികൾ നൽകിയിട്ടും യാതൊരു നടപടിയുമില്ല. സ്കൂളിന് സമീപത്ത് അപകടകരമായ രീതിയിൽ ഇത്തരം മരങ്ങൾ നിൽക്കുന്നത് വിദ്യാർഥികളുടെയും യാത്രക്കാരുടെയും ജീവന് ഭീഷണിയാണ്. മഴക്കാലം ശക്തമാകുന്ന സാഹചര്യത്തിൽ ചാഞ്ഞുനിൽക്കുന്ന മരങ്ങൾ കടപുഴകി വീണ് അപകട സാധ്യത കൂടുതലാണ് . , അടിയന്തരമായി അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Nattuvishesham District news