ജിബിൻ
ജിബിന്‍ ഈട്ടിവിളയില്‍ ഗിന്നസ് റെക്കോര്‍ഡിന്റെ തിളക്കത്തില്‍
പൂക്കോട്ടുംപാടം: ആഴക്കടലില്‍ വേറിട്ട സാഹസിക പ്രകടനത്തിലൂടെ ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടംനേടി നിലമ്പൂര്‍ ചുള്ളിയോട് സ്വദേശിയായ ജിബിന്‍ ഈട്ടിവിളയില്‍. ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായ ജിബിന്‍, ആന്തമാന്‍ നിക്കോബാറിലെ സ്വരാജ് ദ്വീപില്‍ നടന്ന ചരിത്ര ദൗത്യത്തിലൂടെയാണ് നാടിന് അഭിമാനമായി മാറിയത്.
മേയ് മൂന്നിന് സ്വരാജ് ദ്വീപിലെ ലൈറ്റ്ഹൗസ് ഡൈവ് സൈറ്റിലായിരുന്നു ഈ അപൂര്‍വ പ്രകടനം. നാവികസേന, കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികളിലെ പരിശീലനം ലഭിച്ച 14 സ്കൂബ ഡൈവര്‍മാര്‍ക്കൊപ്പം ജിബിനും പങ്കാളിയായി.
കടലിനടിയില്‍ മനുഷ്യ പിരമിഡ് തീര്‍ത്ത് 22.3 മീറ്റര്‍ ഉയരത്തിലുള്ള ശൃംഖല മൂന്ന് മിനിറ്റോളം നിലനിര്‍ത്തിയാണ് സംഘം ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. ആന്തമാന്റെ വിനോദസഞ്ചാര സാധ്യതകളും ഡൈവിംഗ് കേന്ദ്രങ്ങളും ലോകത്തിന് പരിചയപ്പെടുത്താനായിരുന്നു ദൗത്യം.
ചരിത്രനേട്ടത്തിനു ശേഷം സംഘം ആന്തമാന്‍ ഗവര്‍ണര്‍ ഡി.കെ. ജോഷിയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. സ്കൂബ ഡൈവിംഗിനോടുള്ള താത്പര്യമാണ് സാധാരണ കുടുംബ പശ്ചാത്തലത്തില്‍നിന്നുള്ള ജിബിനെ ഈ രംഗത്തെത്തിച്ചത്. തിരുവനന്തപുരത്തുനിന്ന് പരിശീലനം നേടിയ അദ്ദേഹം ഒരു മാസത്തെ തീവ്ര പരിശീലനത്തിനൊടുവിലാണ് ഗിന്നസ് ദൗത്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
നിലമ്പൂരില്‍ പെയിന്റിംഗ് തൊഴിലാളിയായ ബിനുവിന്റെയും തയ്യല്‍ തൊഴിലാളി ഷീജയുടെയും മകനാണ് ജിബിന്‍. കഠിനാധ്വാനത്തിലൂടെയും നാവികസേനാ സേവനത്തിലൂടെയും നാടിന്റെ പേര് ലോകത്തിന്റെ നെറുകയിലെത്തിച്ച ജിബിന്റെ നേട്ടം യുവാക്കള്‍ക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്.
Tags : Nattuvishesham Local News sailor deep sea