കുരിയച്ചിറയിലെ ഗതാഗതകുരുക്ക്.
തൃശൂർ: രൂക്ഷമായ ഗതാഗതക്കുരുക്കിൽ സ്തംഭിച്ച് കുരിയച്ചിറ. തൃശൂർ-ചാലക്കുടി പാതയിലെ വാഹനങ്ങൾക്കൊപ്പം ജംഗ്ഷനിൽ രണ്ടു റോഡുകളിൽനിന്നുള്ള വാഹനങ്ങളും ഒരേസമയം എത്തുന്നതാണ് കുരുക്ക് രൂക്ഷമാകാൻ പ്രധാന കാരണം. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ ഏറെനേരം കുരുങ്ങിക്കിടക്കുകയാണ്. കുട്ടികൾക്കും സ്ത്രീകൾക്കും വയോജനങ്ങൾക്കും റോഡ് മുറിച്ചുകടക്കാനും, സ്കൂളിലും ജോലിക്കും കൃത്യസമയത്ത് എത്താനും കഴിയാത്ത സ്ഥിതിയാണെന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു. ട്രാഫിക് പോലീസ് നിയന്ത്രണമുണ്ടെങ്കിലും സ്ഥിരമായ ശാസ്ത്രീയ സംവിധാനമില്ലാത്തതിനാൽ കുരുക്കഴിയുന്നില്ല.
ശാശ്വത പരിഹാരം വേണം
ആവശ്യമായിടത്ത് ട്രാഫിക് ഐലൻഡ്, ശാസ്ത്രീയ സിഗ്നൽ സംവിധാനം തുടങ്ങിയവ സ്ഥാപിക്കണം. പ്രധാനപാതയിലെ ഗതാഗതം തടസപ്പെടാത്തവിധം പാർശ്വ റോഡുകളിൽനിന്നുള്ള വാഹനങ്ങൾക്ക് ക്രമീകരണം ഏർപ്പെടുത്തണം. പ്രധാനറോഡ് മുറിച്ചുകടക്കുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയും ആവശ്യമായിടത്ത് വണ്വേ സംവിധാനം പരിഗണിക്കുകയും വേണം.
വാഹനങ്ങളുടെ സഞ്ചാരക്രമം ശാസ്ത്രീയമായി പുനഃക്രമീകരിച്ചാൽ മാത്രമേ ദീർഘകാല പരിഹാരമാകൂവെന്ന് കുരിയച്ചിറ ജനകീയ വികസനസമിതി യോഗത്തിൽ അഭിപ്രായമുയർന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം പുനഃക്രമീകരിച്ച് പ്രത്യേക ബസ് ബേ ഒരുക്കണം. അനധികൃത പാർക്കിംഗ് നിയന്ത്രിച്ച് ആവശ്യമായിടത്ത് പാർക്കിംഗ് നിരോധിത മേഖലകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം. തകർന്ന യൂണിറ്റി റോഡ് റീടാർ ചെയ്യുകയും റോഡിലേക്ക് ഇറങ്ങിനിൽക്കുന്ന പോസ്റ്റുകളും ബോർഡുകളും നീക്കുകയും വേണം.
മുണ്ടുപാലത്തും കുരുക്ക്
മുണ്ടുപാലത്തും ഗതാഗതപ്രശ്നം രൂക്ഷമാണ്. തൃശൂർ-ചാലക്കുടി പാതയിലേക്ക് വിവിധ ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ പ്രവേശിക്കുന്നതും പ്രധാന റോഡ് മുറിച്ചുകടക്കുന്നതുമാണ് പ്രശ്നം. അവന്യൂ റോഡ്, ഫാ. വടക്കൻ റോഡ് ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ പ്രധാനപാതയുമായി ചേരുന്നിടത്തും തടസം രൂക്ഷം. ട്രാഫിക് ഐലൻഡ്, സിഗ്നൽ സംവിധാനം, മേൽപാലം ഉൾപ്പെടെയുള്ള ദീർഘകാല പരിഹാരങ്ങൾ വേണം. കുരിയച്ചിറയിലും മുണ്ടുപാലത്തും സുരക്ഷിത കാൽനടപ്പാത, റോഡ് മുറിച്ചുകടക്കാനുള്ള സംവിധാനം, സീബ്രാ ക്രോസിംഗ്, തെരുവുവിളക്കുകൾ എന്നിവ ഒരുക്കണം. തിരക്കേറിയ സമയത്തെ ഗതാഗതം അടിസ്ഥാനമാക്കി സമഗ്ര പദ്ധതി തയാറാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
വിദ്യാർഥികൾക്കും ഭീഷണി
സെൻട്രൽ വെയർഹൗസ് ഗോഡൗണിന് സമീപത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക് വിദ്യാർഥികളെയും വലയ്ക്കുന്നു. ഇവിടത്തെ സ്കൂളിൽ അയ്യായിരത്തോളം വിദ്യാർഥികളുണ്ട്. വാഹനത്തിരക്ക് കുട്ടികളുടെ സുരക്ഷയ്ക്കും ഭീഷണിയാകുകയാണ്.
ഭാരവാഹികളെ തെരഞ്ഞെടുത്തു
ജനകീയ വികസനസമിതി യോഗത്തിൽ അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. സി. ആർ. ജോസ് , ടോമി ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഡോ. ടോമി ഫ്രാൻസിസ്- പ്രസിഡന്റ്, സന്തോഷ് ജെയിംസ്, ടി. ടി. ജോസ്- വൈസ് പ്രസിഡന്റുമാർ, അഡ്വ. ജോയ് വെട്ടിയാടൻ- സെക്രട്ടറി, ജോളി ജോണ്, ശോഭ ജയദേവൻ- ജോയിന്റ് സെക്രട്ടറിമാർ, സി.എ. പോൾ- ട്രഷറർ, എൻ.ജെ. സൈമണ്-അഡീഷണൽ ട്രഷറർ, സി.എൽ. ജോയ്- മാധ്യമ സെക്രട്ടറി, തോമസ് വി. ആന്റണി, ബാബു ജി. കാര്യാട്ടി, ജോണ്സണ് അയിനിക്കൽ, ബാബു ജോസഫ്, റാഫി ചാഴൂർ, ജോക്സണ് ജോയ്, മാത്യു കൂള, ടി. പി. ജോണ്, പ്രഫ. കെ. തോമസ് പോൾ- എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെയാണ് തെരഞ്ഞെടുത്തു.