സിനോജ് മാത്യു വരച്ച ചിത്രത്തിന് മുൻപിൽ
ചെറുതോണി: ആയിരക്കണക്കിനു കുട്ടികളെ വരകളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ ചിത്രകലാ അധ്യാപകൻ സിനോജ് മാത്യു തലച്ചിറയിൽ തന്റെ ജീവിതം ചിത്രകലയ്ക്കുവേണ്ടി മാറ്റിവച്ചിരിക്കുകയാണ്. കൊച്ചുകരിമ്പൻ ആന്റോപുരം സ്വദേശിയായ ഇദ്ദേഹം ചിത്രകലയിൽ 28 വർഷം പൂർത്തിയാക്കുന്നു. ഇപ്പോൾ നാലു സ്കൂളുകളിൽ ചിത്രകലാ അധ്യാപകനാണ്. ഹൈറേഞ്ചിലെ ഒട്ടുമിക്ക പള്ളികളിലും അൾത്താരകളിലുമുള്ള രൂപങ്ങൾ ഇദ്ദേഹത്തിന്റെ ചിത്രകലാപാടവം വ്യക്തമാക്കുന്നതാണ്.
രാജമുടി ഡി പോൾ, രാജകുമാരി സെന്റ് മേരീസ്, മണിപ്പാറ സെന്റ് മേരീസ് സ്കൂളുകളിലെ കുട്ടികൾക്ക് ചിത്രരചനയിൽ പരിശീലനം നൽകുന്നുണ്ട്.
വാട്ടർ കളർ, പെൻസിൽ ഡ്രോയിംഗ്, ഓയിൽ പെയിന്റിംഗ് എന്നിവയാണ് കാൻവാസിൽ ഉപയോഗിക്കുന്നത്. ഇടുക്കി, കോട്ടയം രൂപതകളിലെ 25ൽപരം അൾത്താരകൾക്ക് ജീവൻപകർന്നത് ഇദ്ദേഹമാണ്. സിനിമയിൽ കലാസംവിധായകനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം അവിടെനിന്നാണ് സ്കൂളുകളിലേക്ക് ചുവടുമാറ്റിയത്.
അമ്മ, കുടുംബവിളക്ക്, കൈരളി ടിവിയിലെ ജഗപൊഗ തുടങ്ങിയ സീരിയലുകളിലും കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
ക്രൂശിതനായ ക്രിസ്തു മുതൽ നീല ജലാശയങ്ങൾവരെ കാൻവാസിൽ പകർത്തി ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
കഴിഞ്ഞ 16 വർഷമായി സൺഡേസ്കൂൾ അധ്യാപകനായും ശുശ്രൂഷ ചെയ്തു വരുന്നു. സീനയാണ് ഭാര്യ. ആറു മക്കളുണ്ട്.
Tags : Nattuvishesham Districtnews Deepikanews