കുളത്തൂപ്പുഴ : പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയുടെ പേരില്‍ കര്‍ഷകരെയും ജനങ്ങളെയും ദ്രോഹിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരകാഹളവുമായി കേരള കര്‍ഷകസംഘം സമരപ്രഖ്യാപന കണ്വന്ഷന്. കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട എല്ലാ ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി കുളത്തൂപ്പുഴയില്‍ നടത്തിയ സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ നൂറുകണക്കിന് കര്‍ഷകരും നാട്ടുകാരും പങ്കെടുത്തു.
തലമുറകളായി അധ്വാനിച്ച് മണ്ണുപൊന്നാക്കിയ കൃഷിഭൂമിയും പാര്‍പ്പിടങ്ങളും വിട്ടുതരില്ലെന്ന് കണ്വന്ഷന് പ്രഖ്യാപിച്ചു. മലയോര മേഖലയിലെ ജനങ്ങള്‍ ഒന്നടങ്കം സമരത്തില്‍ അണിനിരന്നു. ഉപജീവനമാര്‍ഗം തടസപ്പെടുത്തിയുള്ള നിയന്ത്രണങ്ങള്‍കൊണ്ട് കര്‍ഷകരെ സ്വന്തം മണ്ണില്‍നിന്ന് പടിയിറക്കാനുള്ള നീക്കത്തിനെതിരെ നാടൊന്നാകെ അണിനിരക്കണമെന്ന് കണ്വന്ഷന് ആഹ്വാനം ചെയ്തു.
പരിസ്ഥിതിലോല മേഖലാ കരട് വിജ്ഞാപനത്തില്‍ ജില്ലയിലെ എട്ട് വില്ലേജുകളിലായി 79,603.47ഹെക്ടര്‍ പ്രദേശമാണ് ഉള്‍പ്പെട്ടത്. ഏറ്റവും കൂടുതല്‍ പ്രദേശം ഉള്‍പ്പെട്ട കുളത്തൂപ്പുഴ വില്ലേജില്‍ മാത്രം 32,433.64 ഹെക്ടര്‍ ഭൂമിയാണ് നിര്‍ദിഷ്ട പട്ടികയിലുള്ളത്. വന്യജീവി ആക്രമണങ്ങള്‍ കാരണം ജീവിതം ദുസഹമായിരിക്കുകയാണ്. നിയമങ്ങളുടെ വേട്ടയാടല്‍ കൂടിയാകുമ്പോള്‍ താങ്ങാന്‍ കഴിയില്ലെന്നും മലയോര ജനതയ്ക്കുവേണ്ടി ഏതറ്റംവരെയും പൊരുതുമെന്നും അവകാശം സ്ഥാപിച്ചെടുക്കാന്‍ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും കണ്വന്ഷന് പ്രഖ്യാപിച്ചു.
കുളത്തൂപ്പുഴ ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ നടന്ന കണ്വന്ഷന് അഖിലേന്ത്യ കിസാന്‍ സഭ വൈസ് പ്രസിഡന്റ് ഇ.പി. ജയരാജന് ഉദ്ഘാടനംചെയ്തു. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ്് വി.കെ. അനിരുദ്ധന് അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറി എസ.് സുദേവന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ജയമോഹന്, എസ്. രാജേന്ദ്രന്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ.് വിക്രമന്, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി ബിജു കെ. മാത്യു, മഹിളാ അസോസിയേഷന് ജില്ലാ പ്രസിഡന്റ് രഞ്ജു സുരേഷ്, വി.എസ്. സതീഷ്, ഡി. വിശ്വസേനന്‍, എസ്. ബിജു, എസ്. ഗോപകുമാര്‍, കെ. സുരേന്ദ്രന്‍നായര്‍, വി. രവീന്ദ്രനാഥ്, കുളത്തൂപ്പുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി.രാജീവ്, ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.