നെടുമങ്ങാട്: വെള്ളനാട് കുളക്കോട് വാർഡിൽ താമസിക്കുന്ന കുടുംബത്തിന്റെ വീടും പുര യിടവും ജപ്തി ചെയ്യാനെത്തിയ കേരള ബാങ്കിന്റെ നടപടിക്കെതിരെ കോൺഗ്രസ് ജനപ്രതിനിധികളും പൊതുപ്രവർത്തകരും പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ജപ്തി നടപടി താത്കാലികമായി നിർത്തി.
വെള്ളനാട് പഞ്ചായത്തിലെ കുളക്കോട് വാർഡിൽ താമസിക്കുന്ന രാമചന്ദ്രൻ-അജിത ദമ്പതികളുടെ ആറു സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യുന്നതിനായാണ് ബാങ്ക് ഉദ്യോഗസ്ഥർ എത്തിയത്. അജിതയുടെ പേരിൽ സ്ഥലവും വീടും ഈടായി നൽകി കേരള ബാങ്കിൽനിന്ന് വായ്പ എടുത്തിരുന്നു.
വായ്പ തിരിച്ചടയ്ക്കുന്നതിനായി സാവകാശം അനുവദിക്കണമെന്ന് അജിതയും കുടുംബവും നിരവധി തവണ ബാങ്ക് അധികൃതരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സമീപിച്ചിരുന്നുവെന്നു നാട്ടുകാരും പ്രവർത്തകരും പറഞ്ഞു. എന്നാൽ ഈ ആവശ്യം പരിഗണിക്കാതെ ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നുവെന്നാണ് ആരോപണം.
ആറു സെന്റ് സ്ഥലത്ത് താമസിക്കുന്ന രാമചന്ദ്രനും അജിതയും ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരാണെന്ന് നാട്ടുകാർ പറഞ്ഞു. ഏക മകളുടെ സഹായമാണ് കുടുംബത്തിന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ബാങ്ക് അധികൃതരുടെ നടപടിയിൽ കോൺഗ്രസ് പ്രവർത്തകർ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ബാങ്ക് മാനേജരും എക്സിക്യൂട്ടീവ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഇടപെട്ടതെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. 20 ദിവസത്തെ സാവകാശം അനുവദിക്കാമെന്ന് പറഞ്ഞശേഷമാണ് ജപ്തിക്കായി എത്തിയതെന്നും അവർ ആരോപിച്ചു. അതേസമയം, ബാങ്കിന്റെ ഏരിയ മാനേജർ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ മന്ത്രിയെ അധിക്ഷേപിച്ചെന്നും മന്ത്രിയുടെ നിർദേശങ്ങൾ ബാങ്കിന് ബാധകമല്ലെന്ന രീതിയിൽ പ്രതികരിച്ചെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ ആശ്വാസിന്റെ കാലാവധി അവസാനിക്കുന്നതുവരെ ജപ്തി നടപടികൾ സ്വീകരിക്കരുതെന്ന സർക്കാർ നിലപാട് നിലവിലുണ്ടെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. ഈ മാസം മുപ്പത് വരെ സാവകാശം അനുവദിക്കണമെന്നും അതുവരെ ജപ്തി നടപടി നിർത്തിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കുളപ്പട ഫിറോസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും ബാങ്ക് അധികൃതരുമായി ചർച്ച നടത്തി. സംസ്ഥാന സർക്കാരിന്റെ ആശ്വാസ പദ്ധതിയെ പരിഗണിച്ചാണ് ജപ്തി നടപടി താത്കാ ലികമായി നിർത്തിവച്ചതെന്നും അവർ വ്യക്തമാക്കി.
കോൺഗ്രസ് വെള്ളനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിമൽകുമാർ, ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാജി വാളിയറ, പഞ്ചായത്ത് അംഗങ്ങളായ സുരേഷ്, ബിന്ദു എന്നിവരും മറ്റ് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു.
Tags : Nattuvishesham Districtnews Deepikanews Congress workers