അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ് മുറികളിൽനിന്നു ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി.
അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ.
എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ. കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്ടിക്കുകയെന്ന നിശബ്ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്റെ ആശംസകൾ, അഭിവാദ്യങ്ങൾ...!
Teacher-student
relationship - then and now
In the past there was what is called as Gurukula system. The student lived with the Guru. The Guru was like a father to him, be it punishment or affection; there was only love.But today, with the advent of Google, knowledge is just a click away, making the teacher obsolete. Thus children have started feeling that they don't need teacher s.Teachers are busy completing syllabus and students are busy chasing marks. Neither has the time to communicate with each other.Students disrespect teachers and teachers misinterpret students. This lack of trust on both sides has become an insurmountable gap which we cannot deny.But there is light at the end of the tunnel, even though the relationship between teachers and students has changed, there are still teachers and students who share a loving relationship.
Likewise, I have also seen students who wait for even a word, a touch of affection from their teachers and seniors who despite having left studies still come running to embrace their teacher.That is real education, true education.Teachers should look beyond the textbook into the heart of the child and be a friend to the child.
Sr. Angel das DM
Pattom St. Marys hss School
കുട്ടികൾ സ്ക്രീനുകളെ
ശത്രുവായി കാണേണ്ട
സ്ക്രീനുകളെ ശത്രുവായി കാണാതെ ഡിജിറ്റൽ ലോകത്തുനിന്ന് ഗുണനിലവാരമുള്ള അറിവുകൾ എങ്ങനെ തെരഞ്ഞെടുക്കാമെന്നു കുട്ടികളെ പഠിപ്പിക്കുകയാണ് അധ്യാപകരുടെ പുതിയ ദൗത്യം. കുട്ടികളോട് നന്നായി പഠിക്കണമെന്നു പറയുന്നതിനൊപ്പം നന്നായി ജീവിക്കണം എന്നു കൂടി പഠിപ്പിക്കേണ്ട കാലഘട്ടമാണിത്. ആർട്ടിഫിഷൽ ഇന്റലിജൻസും പുതിയ സാങ്കേതികവിദ്യകളും കുട്ടികളുടെ സർഗാത്മകതയെ നശിപ്പിക്കുന്നില്ല. ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ അവരുടെ ഭാവനയെ ചിറകുവിടർത്താൻ സഹായിക്കുന്ന മികച്ച ഉപകരണങ്ങളായിരിക്കും അവ.
അതുകൊണ്ടുതന്നെ, പരമ്പരാഗത ലൈബ്രറികളിൽനിന്നു ലഭിക്കുന്നതിനെക്കാൾ വേഗത്തിൽ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ കുട്ടികൾ വിവരങ്ങൾ ഗ്രഹിക്കുന്നു എന്ന യാഥാർഥ്യം ഉൾക്കൊണ്ടു കൊണ്ട് ബോധനരീതികളിൽ മാറ്റം വരുത്തേണ്ടതുണ്ട്.
ക്ലാസ് മുറികളിൽ സ്ക്രീനുകൾ നിരോധിക്കുന്നതിലല്ല, മറിച്ച് സാങ്കേതികവിദ്യയെ വിവേകത്തോടെ ഉപയോഗിക്കാനുള്ള ഡിജിറ്റൽ സിറ്റിസൺഷിപ്പ് വളർത്തിയെടുക്കുന്നതിലാണ് അധ്യാപകരുടെ വിജയം.ഡിജിറ്റൽ ലോകത്തിന്റെ സാധ്യതകളെയും യഥാർഥ ജീവിതത്തിലെ മാനുഷിക അനുഭവങ്ങളെയും സമന്വയിപ്പിക്കുന്ന "മെന്റർമാർ' ആയിരിക്കണം ഇന്നത്തെ അധ്യാപകർ.
സാഗാ ജയിംസ്
സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പട്ടം
അധ്യാപകർ കുട്ടികളെ ചേർത്തുപിടിക്കുന്നവരാകണം
ഗുരുമുഖത്തുനിന്നു കേട്ടുപഠിക്കലിൽ തുടങ്ങിയ ഗുരുശിഷ്യ ബന്ധം കാലാതീതമായി നിലനിൽക്കേണ്ടത് അത്യാവശ്യമാണെങ്കിലും ഇന്നത്തെ അധ്യാപകർ ത്രിശങ്കുവിലെന്നാണ് പൊതുഅഭിപ്രായം. ഊഷ്മളമായ അധ്യാപക വിദ്യാർഥി ബന്ധങ്ങൾ നിലനിർത്തേണ്ടതു മാതൃകാ സമൂഹം കെട്ടിപ്പടുക്കാൻ അത്യന്താപേക്ഷിതമാണെന്നെ വസ്തുത കൈവിട്ടുപോകരുത്. വികാര രഹിതമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ പിഞ്ചുമനസുകളിൽ സ്നേഹം, ആർദ്രത, സഹജീവിസ്നേഹം തുടങ്ങിയ മനുഷ്യ ജീവിത ബന്ധത്തിന്റെ ഈടുവെപ്പുകളുടെ വിത്തുകൾ പാകുന്ന കർഷകരായി നാം മാറണം.നമ്മുടെ പരിശ്രമം അവരുടെ മനസിൽ മുപ്പതും അറുപതും നൂറും മേനി വിളവ് കൊയ്യാൻ നമുക്ക് സാധിക്കണം.വിദ്യാർഥികളെ ജെൻസിയെന്നും ആൽഫ യെന്നുമൊക്കെ വേർതിരിക്കുമ്പോൾ ഇന്നത്തെ കുടുംബ-സാമൂഹിക ചുറ്റുപാടുകളെയും പരിഗണിക്കേണ്ടിയിരിക്കുന്നു.കുറ്റപ്പെടുത്തലുകൾക്ക് മുൻപ് സമൂഹത്തിലെ അരക്ഷിതാവസ്ഥകൾക്ക് അവരെ വേട്ടയാടാൻ വിട്ടുകൊടുക്കാതെ ചേർത്ത് പിടിക്കേണ്ടവരാണ് നാം എന്ന ബോധ്യം നമ്മിൽ പൂർണമായും ഉണ്ടാകേണ്ടതാണ്.
ഷൈജു ജോസഫ്
എച്ച് എസ് റ്റി മലയാളം, സെന്റ് മേരീസ് ഹയർ
സെക്കൻഡറി സ്കൂൾ, പട്ടം
വിദ്യാർഥികളെ ഒരേ
അളവുകോലിൽ വിലയിരുത്തരുത്
ഒരു നല്ല അധ്യാപകന്റെ ഏറ്റവും വലിയ കഴിവുകളിലൊന്ന് ഓരോ വിദ്യാർഥിയുടെയും ഉള്ളിലുള്ള കഴിവും സാധ്യതയും തിരിച്ചറിയുക എന്നതാണ്. എല്ലാ കുട്ടികളും ഒരുപോലെയല്ല. ഓരോരുത്തർക്കും വ്യത്യസ്തമായ കഴിവുകളും താൽപര്യങ്ങളും ചിന്താശേഷിയും സ്വപ്നങ്ങളുമുണ്ട്. അതിനാൽ, ഒരു അധ്യാപകൻ വിദ്യാർഥികളെ ഒരേ അളവുകോലിൽ വിലയിരുത്താതെ, അവരിലെ അന്തർലീനമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും വളർത്തിയെടുക്കുകയും വേണം.
അതോടൊപ്പം, വിദ്യാർഥികൾക്ക് അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള അവസരം നൽകണം. തെറ്റിപ്പോകുമോ എന്ന ഭയമില്ലാതെ ചിന്തിക്കാനും ചോദിക്കാനും അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും കഴിയുന്ന ഒരു ക്ലാസ് മുറിയാണ് യഥാർത്ഥ പഠനത്തിന്റെ വേദി. വിദ്യാർഥിയുടെ ഓരോ ആശയവും കേൾക്കുകയും അതിനെ മാനിക്കുകയും ചെയ്യുമ്പോൾ, അവരുടെ ആത്മവിശ്വാസവും സർഗാത്മകതയും വളരും. ഓരോ കുട്ടിയിലും ഒളിഞ്ഞിരിക്കുന്ന കഴിവിനെ കണ്ടെത്തുക,
ഓരോ കുട്ടിക്കും ചിന്തിക്കാനും സംസാരിക്കാനും സ്വപ്നം കാണാനും സ്വാതന്ത്ര്യം നൽകുക, ഓരോ കുട്ടിയെയും അവരുടെ കഴിവിന്റെ ഉന്നതിയിലേക്ക് നയിക്കുക - ഇതാകട്ടെ നമ്മുടെ അധ്യാപക ദൗത്യം.
ഫാ. ഡോ. ജോണി കെ. ലോറൻസ്
കോർപറേറ്റ് മാനേജർ
നെയ്യാറ്റിൻകര രൂപത, റിട്ട. അധ്യാപകൻ
ഹൃദ്യമായ ഒരു ബന്ധം നിലനിൽക്കണം
ഏതു വിദ്യാഭ്യാസ സ്ഥാപനത്തിലും അധ്യാപകരിൽനിന്നു വിദ്യാർഥികളിലേക്ക് അറിവ് സുഗമമായി പകർന്നുനൽകുന്നതിനുള്ള പ്രയോജനപ്രദമായ ഒരു മാർഗമായി വർത്തിക്കാൻ അധ്യാപകരും വിദ്യാർഥികളും തമ്മിൽ അടുത്തതും ഹൃദ്യവുമായ ഒരു ബന്ധം നിലനിൽക്കേണ്ടത് ആവശ്യമാണ്. വേദകാലം മുതൽ ഇന്നുവരെയുള്ള ഇന്ത്യൻ ചരിത്രത്തിലുടനീളം ഇതു ശരിയാണ്. വിദ്യാർഥികളുമായി സൗഹാർദ്ദപരമായ ഒരു ബന്ധം സ്ഥാപിക്കുന്നതിൽ അധ്യാപകന്റെ വ്യക്തിത്വം വളരെ പ്രധാനപ്പെട്ടതാണ്.
പരിതസ്ഥിതികളുമായി പൊരുത്തപ്പെട്ടു തങ്ങളകപ്പെട്ടിരിക്കുന്ന അപകടാവസ്ഥയെക്കുറിച്ചു വിദ്യാർഥികൾ ബോധവാന്മാരല്ല. സോഷ്യൽ മീഡിയായോടുള്ള അമിത ആസക്തി കാരണം കുട്ടികളിൽ ശ്രദ്ധാകേന്ദ്രീകരണവും വായനശീലവും കുറയുന്നതുമൂലം അധ്യാപകർക്കു ക്ലാസ് നിയന്ത്രണം ബുദ്ധിമുട്ടാകുന്നു. അമിതമായ ഔദ്യോഗിക ജോലി ഭാരമാണ് ഇന്ന് അധ്യാപകർ നേരിടുന്ന മറ്റൊരു പ്രധാന പ്രതിസന്ധി. പഠിപ്പിക്കുന്നതിനൊപ്പം തന്നെ സർവേകൾ, വിവിധസർക്കാർ പദ്ധതികൾ, ഓൺലൈൻ ഡാറ്റാ എൻട്രി തുടങ്ങിയ അധ്യാപനേതര ജോലികൾ വലിയ മാനസികസമ്മർദമുണ്ടാക്കുന്നു. അതിനൊക്കെ ഒരറുതി വരുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.
ഡോ തോമസ് സ്കറിയ,
പ്രിൻസിപ്പൽ, സെന്റ് സേവ്യേഴ്സ് കോളജ്, തുമ്പ
കുട്ടികൾ യഥാർഥ ലോകത്തിൽ ജീവിക്കട്ടെ
ഇന്നു കുട്ടികളുടെ കൈയിലെ മൊബൈൽ ഒരു പഠനോപകരണവും അതേസമയം വലിയൊരു വെല്ലുവിളിയുമാണ്. മൊബൈൽ കുട്ടികളിൽ നിയന്ത്രിക്കുന്ന അവസ്ഥയല്ല കുട്ടികൾക്ക് മൊബൈലിനെ നിയന്ത്രിക്കാൻ കഴിയുന്ന അവസ്ഥയാണ് നമുക്ക് സൃഷ്ടിക്കേണ്ടത്. സ്ക്രീനിൽ സമയം കുറയ്ക്കുക എന്ന ഉപദേശംമാത്രമല്ല, അതിനു പകരംഅർത്ഥവത്തായ അനുഭവങ്ങൾ കുട്ടികൾക്കു നൽകണം. ഒരു നല്ല സംഭാഷണം, ഒരു കളിസ്ഥലം, ഒരു പുസ്തകം, ഒരു കൂട്ടുകാരൻ ഇവയെല്ലാം ഒരു സ്ക്രീനിനേക്കാൾ വലിയ ലോകങ്ങളാണ്. കുട്ടിയുടെ മൊബൈൽ ഉപയോഗം നിരീക്ഷിക്കുന്നതിനേക്കാൾ പ്രധാനമാണ് മുതിർന്നവർ സ്വന്തം മൊബൈൽ ശീലങ്ങളിൽ മാതൃകയാകണം. അധ്യാപകരും രക്ഷിതാക്കളും ചേർന്നു കട്ടികൾക്കു ഡിജിറ്റൽ ലോകത്തോടൊപ്പം യഥാർഥ ലോകത്തിനും ജീവിക്കാൻ പരിശീലനം നൽകണം.
ബി.ആർ. അരുണ
ഇൻഫന്റ് ജീസസ് സെൻട്രൽ സ്കൂൾ, പോങ്ങുംമൂട്
മൂല്യനിർമിതിയുടെ ശില്പി
വിദ്യാലയം സമൂഹത്തിന്റെ കണ്ണാടിയാണെങ്കിൽ അധ്യാപകൻ ആ കണ്ണാടിയെ മിനുക്കുന്ന ശില്പിയാണ്. സമൂഹത്തിലെ ഇന്നിനെ വായിച്ച് വിലയിരുത്തി നാളെയെ രൂപപ്പെടുത്തുന്ന അധ്യാപകൻ തന്റെ ഉത്തരവാദിത്വബോധത്തിൽ വീഴ്ച വരുത്താൻ പാടില്ല. അധ്യാപകന്റെ സാമൂഹിക ഉത്തരവാദിത്വം മറ്റുള്ളവരെക്കാൾ ഉയർന്നതായതിനാലും അധ്യാപക വിദ്യാർഥി ബന്ധത്തിൽ വിശ്വാസവും സുരക്ഷയും വളരെ പ്രധാനമാണെന്നതിനാലും മാധ്യമങ്ങൾ ഇത്തരം സംഭവങ്ങളെ കൂടുതൽ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ആൽഫ കിഡ്സും ജെൻസിസും ഇടകലർന്ന വിദ്യാർഥി സമൂഹത്തിൽ അധ്യാപകൻ നേരിടുന്ന വെല്ലുവിളികൾ ധാരാളമുണ്ട്.കാലം മാറുമ്പോൾ അധ്യാപകനും മാറണം.എന്നാൽ അത് സമൂഹത്തിന്റെ ജീർണതകളെ അനുകരിച്ചാകരുത്. അവയെ തിരുത്തുന്ന ശക്തിയായി മാറാൻ കഴിയുമോ എന്ന ആകുലതയും ഞാനുൾപ്പെടുന്ന അധ്യാപകർക്ക് ഇല്ലാതില്ല. സമൂഹത്തിലെ നല്ലതും ജീർണതകളും വിദ്യാലയത്തിനുള്ളിലേക്കും കടന്നുവരാം എന്നാൽ നല്ലതിനെ ശക്തിപ്പെടുത്തിയാൽ തെറ്റായ പ്രവണതകളെ തിരിച്ചറിയാനും ചോദ്യം ചെയ്യാനും വിദ്യാർഥികൾക്കാവും അതിനുള്ള മഹായജ്ഞത്തിലാണ് ഓരോ അധ്യാപകനും.
ബിന്ദുശ്രീ,
സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ, പട്ടം
ജെൻസി കുട്ടികളോട് വൈകാരിക അടുപ്പം ഉണ്ടാക്കുക
ജെൻസി കുട്ടികളെ പഠിപ്പിക്കുക എന്നത് ഒരു ചലഞ്ച് തന്നെയാണ്. കാരണം നമ്മൾ ബ്ലാക്ക്ബോർഡിൽ വളർന്നവരാണ്. എന്നാൽ ഇപ്പോഴത്തെ കുട്ടികൾ ടച്ച് സ്ക്രീനിൽ വളർന്നവരാണ്. വിദ്യാർഥികളുടെ മുന്നിൽ ടീച്ചറാകരുത്, പകരം ഒരു ഇൻഫ്ലുവൻസറാകണം. ജൻസി കുട്ടികൾക്ക് അറ്റൻഷൻ സ്പാൻ കുറവാണ്. ഒരു 40 മിനിറ്റ് പ്രസംഗം കേൾക്കില്ല. അവർക്ക് 40 സെക്കൻഡ് റീൽസാണ് ഇഷ്ടം. അതുകൊണ്ട് ക്ലാസിനെ ഒരു യൂ ട്യൂബ് വീഡിയോ പോലെ ആക്കണം.
ജെൻസി കുട്ടികൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ആരെങ്കിലും തങ്ങളെ കേൾക്കണം എന്നാണ്. ഉത്കണ്ഠ, വിഷാദം, ഒറ്റപ്പെടൽ ഇതൊക്കെ അവർക്കിടയിൽ കൂടുതലാണ്, അഞ്ച്. മിനിറ്റ് അവരുടെ വിഷമങ്ങൾ കേൾക്കാൻ മാറ്റിവെക്കുക.അവരെ ജഡ്ജ് ചെയ്യാതിരിക്കുക. അവരുടെ സുഹൃത്താകുക. ചുരുക്കി പറഞ്ഞാൽ ജെൻസി കുട്ടികളെ പഠിപ്പിക്കാൻ നമ്മൾ പഴയ ടീച്ചറുടെ കുപ്പായം അഴിച്ചുവെച്ച്, അവരിൽ ഒരാളാകണം. ഫോൺ എടുത്ത് വെക്കടാ എന്ന് പറയുന്ന കാലം കഴിഞ്ഞു. "ഫോൺ എടുത്ത് ഇത് സ്കാൻ ചെയ്യ്' എന്നു പറയണം. അവർക്ക് ചെറിയ പ്രൊജക്ടുകൾ, ചെറിയ വിജയങ്ങൾ കൊടുക്കുക. ഒരു റീൽ ഉണ്ടാക്കാൻ പറയുക, ഒരു പോസ്റ്റർ ഡിസൈൻ ചെയ്യാൻ പറയുക.
പി. സമീർ സിദ്ദീഖി, ഗവ: വി എച്ച് എസ് സ്കൂൾ, കാഞ്ഞങ്ങാട്
(മികച്ച അധ്യാപക അവാർഡ് ജേതാവ്
കാട്ടാക്കട പേഴുംമൂട് സ്വദേശി)
കാലത്തിന്റെ മാറ്റം അധ്യാപകൻ അറിയണം
സമൂഹത്തിൽ മാന്യമായ ഒരു പദവി ആണ് അധ്യാപകൻ എന്നത് അന്നും ഇന്നും കുട്ടികളെ മനസോടെ സ്നേഹിക്കാനും ആവശ്യത്തിന് മാർഗ നിർദേശങ്ങൾ നൽകാനും അവരുടെ ഉയർച്ച കാണാനും നമുക്ക് സാധിക്കും. പഠിപ്പിക്കുക എന്നതിൽ പുസ്തകം മാത്രമല്ല, സ്വഭാവരൂപികരണം, വ്യക്തിബോധം തുടങ്ങിയ കാര്യങ്ങൾ വരും. വഴിതെറ്റി ലഹരിക്കു പുറകെ പോകുന്ന ഒരു തലമുറ ഇന്ന് രൂപപെടുന്നുണ്ടോ എന്ന സംശയം ഇല്ലാതില്ല. ഒരു അധ്യാപകന് ഒരിക്കലും ഒറ്റയ്ക്ക് ഒരു കാര്യത്തിലും മുന്നേറാൻ പറ്റില്ല. അതിനു സമൂഹത്തിന്റെ നിർലോഭമായ പിന്തുണ കൂടിയേ തീരൂ. രാഷ്ട്ര സ്നേഹം വളർത്തിയെടുക്കുക എന്നത് അനിവാര്യമാണ്. അതിന്റെ അന്തസത്ത ഇന്ന് കുട്ടികളിൽ കുറഞ്ഞു വരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കാലത്തിന്റെ മാറ്റത്തിൽ അധ്യാപകനും അധ്യാപന രീതിയും മാറേണ്ടത് അത്യാവശ്യമാണ്. പഴമയുടെ നല്ല മൂല്യങ്ങൾ ചോരാതെ വരും തലമുറയ്ക്കു പുതിയ മാർഗം കാട്ടാനും അവരുടെ സ്വഭാവ രൂപികരണത്തിനും നമ്മൾ ഓരോ അധ്യാപകർക്കും സാധിക്കട്ടെ.
കിരൺ.ബി.
ഇൻഫന്റ് ജീസസ് സ്കൂൾ, പൊങ്ങുംമൂട്