ഫിലിപ്പ് കുന്നത്ത് 2013 ഒക്ടോബര്‍ 19ന് സ്വര്‍ണമെഡല്‍ ഏറ്റുവാങ്ങുന്നു.
നവതിനിറവിലും ഫിലിപ്പ് സാര്‍ വായനയുടെയും
എഴുത്തിന്റെയും തിരക്കില്‍
ചങ്ങനാശേരി: യുപി സ്കൂള്‍ മുതല്‍ എംഎഡ് കോളജില്വരെ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ അവസരം ലഭിച്ച തുരുത്തി കുന്നത്ത് ഫിലിപ്പ് സാര്‍ നവതി നിറവിലും വായനയുടെയും എഴുത്തിന്റെയും തിരക്കിലാണ്. ആറുപതിറ്റാണ്ടുകാലത്തോളം സ്കൂളുകളിലും വിവിധ കോളജുകളിലുമായി പതിനഞ്ചോളം സ്ഥാപനങ്ങളില്‍ ഫിലിപ്പ് വിദ്യപകര്‍ന്നു നല്‍കിയത് ആയിരക്കണക്കിന് ശിഷ്യഗണത്തിനാണ്. അധ്യാപകന്, അധ്യാപക പരിശീലകന്, പ്രഭാഷകന്‍, വേദപാഠ അധ്യാപകന് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിരവധി പുസ്തകങ്ങളും കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്റെ അധ്യാപനരംഗത്തെ അനുഭവങ്ങള്‍ പുസ്തകമാക്കാനുള്ള തിരക്കിലാണ് ഇദ്ദേഹം ഇപ്പോൾ.
എസ്ബി കോളജില്‍നിന്ന് ബിഎയും പെരുന്ന എന്‍എസ്എസ് ട്രെയിനിംഗ് കോളജില്‍നിന്ന് ബിഎഡും കരസ്ഥമാക്കി 1967-ല്‍ എസ്ബി എച്ച്എസ്എസിൽ അധ്യാപകനായി ആദ്യ നിയമനം. തുടര്‍ന്ന് തൃശൂര്‍ സെന്റ് തോമസ് സ്കൂളിലേക്കു മാറി. 1970ല്‍ കുമരകം ഗവ. ഹൈസ്കൂളില്‍ നിയനമം ലഭിച്ചു. ഇതിനുശേഷം വിവിധ ജില്ലകളിലെ വിവിധ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിച്ചു.
ഇതിനിടയില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് എംഎഡ് ബിരുദവും കരസ്ഥമാക്കി. കരിക്കുലം കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍, പാഠപുസ്തക പഠനകമ്മിറ്റിയംഗം, അധ്യാപക പരിശീലന റിസോഴ്സ് പേഴ്സണ്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. ചീന്തലാര്‍ സ്കൂളിലെ അധ്യാപകനായിക്കേ ഫിലിപ്പ് സാറിന് സംസ്ഥാന അധ്യാപക അവാര്‍ഡും ലഭിച്ചു.
വിരമിച്ച കുരിശുംമൂട് യുവദീപ്തി കോളജ്, ചെത്തിപ്പുഴ സെന്റ് തോമസ് കോളജ് ഓഫ് നഴ്സിംഗ് എന്നിവിടങ്ങളില്‍ അധ്യാപകനായും നെടുംകുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ബിഎഡ് കോളജില്‍ അധ്യാപകനായും പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചു. ചങ്ങനാശേരി അതിരൂപതയുടെ മതാധ്യാപന രംഗത്തും ഫിലിപ്പ്സാര് ദീര്‍ഘകാലം ശുശ്രൂഷകനായിരുന്നു.
ഭാര്യ ഏണസ്റ്റിന് ആലപ്പുഴ സെന്റ് ജോസഫ് എച്ച്എസ്എസ് റിട്ട.അധ്യാപിക. മക്കള്‍: സുനില്‍ പി. കുന്നത്ത് (ഓസ്ട്രേലിയ), അനില്‍ പി. കുന്നത്ത് (മലേഷ്യ).
കുട്ടികൾ മാർക്കിട്ടു: ഗുരുരത്ന പുരസ്കാരം സുന്ദരേശൻസാറിന്
കണമല: 21 വർഷത്തെ അധ്യാപന ജോലിയിൽ കൊല്ലം ജില്ലക്കാരനായ സുന്ദരേശൻസാർ അധ്യാപകനായത് കേരളത്തിലെ ഏഴ് ജില്ലകളിൽ. സ്ഥലം മാറ്റത്തിലും അവിടെ എങ്ങനെ മികവ് കൊണ്ടുവരാമെന്ന് തെളിയിച്ച അധ്യാപകനാണ് അദ്ദേഹം എന്നതിന് അടിവരയിടുന്നതാണ് കിസുമം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ മാർക്കിട്ടപ്പോൾ ഇത്തവണത്തെ ലോക അധ്യാപകദിനത്തിൽ ബഹുമതിയായി എത്തിയ ഗുരുരത്ന പുരസ്കാരം.
സുന്ദരേശൻസാർ ഈ സ്കൂളിലെ അധ്യാപകനായിട്ടില്ലെന്നിരിക്കെയാണ് കുട്ടികൾ കൂടുതൽ മാർക്ക് നൽകിയത്. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഏറ്റവും മികച്ച അധ്യാപകന് കിസുമം സ്കൂളിലെ പൂവ് സർഗവേദിയുടെ നേതൃത്വത്തിൽ കുട്ടികൾ ഓരോ വർഷവും നൽകിവരുന്നതാണ് ഗുരുരത്ന പുരസ്കാരം. ഇത്തവണ കൂടുതൽ മാർക്ക് ലഭിച്ചത് പത്തനംതിട്ട വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പ്രിൻസിപ്പൽ ജി. സുന്ദരേശൻസാറിനാണ്. പുരസ്കാര തെരഞ്ഞെടുപ്പിന് ഇത്തവണയും കുട്ടികൾക്ക് മുന്നിൽ രണ്ട് ജില്ലകളിലെയും അധ്യാപകരുടെ നീണ്ട ലിസ്റ്റും അവരുടെ സവിശേഷതകളും ധാരാളമുണ്ടായിരുന്നു.
ജി. സുന്ദരേശന് കൂടുതൽ മാർക്ക് നൽകിയതിൽ കുട്ടികൾ കണ്ട പ്രത്യേകതകളിങ്ങനെ. പലർക്കും അറിയാത്ത പണിയ നൃത്തം, ഇരുള നൃത്തമൊക്കെ സംസ്ഥാനതല സ്കൂൾ യുവജനോത്സവത്തിൽ ഗോത്രവർഗ കുട്ടികളിലൂടെ ഒന്നാം സ്ഥാനത്ത് എത്തി ച്ച് അദ്ദേഹം ശ്രദ്ധേയമാക്കി.
ജില്ലാ, സംസ്ഥാന കായികമേളയിൽ കുട്ടികൾ മുന്നിലെത്തിയതിന്റെ പിന്നിൽ അദ്ദേഹത്തിന്റെ പരിശ്രമമായിരുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ നൂറ് ശതമാനം വിജയം എന്നത് അത്യപൂർവമായിരിക്കെ വടശേരിക്കരയിൽ മോഡൽ റസിഡൻഷ്യൽ സ്കൂളിന് തുടർച്ചയായി നാല് തവണ നൂറിൽ നൂറും നേടാൻ സാധിച്ചു. സർഗോത്സവം, കളിക്കളം തുടങ്ങി ഗോത്രമേഖലയിലെ കുട്ടികൾക്ക് മാത്രമായി നടത്തുന്ന മേളകളിലും സ്കൂളിനെ മുന്നിൽനിന്ന് നയിച്ചു. കുട്ടികൾ കുറയുന്ന സ്കൂളിലേക്ക് സ്ഥലംമാറ്റം കിട്ടുമ്പോൾ പഠനം ഉപേക്ഷിച്ചു പോയവരെ പോയി കണ്ട് സ്കൂളിൽ തിരിച്ചു കൊണ്ടുവന്നു പഠിപ്പിച്ച ചരിത്രവും ധാരാളം.
കൊല്ലം ശൂരനാട് സ്വദേശിയാണ് ജി. സുന്ദരേശൻ. ഭാര്യ ബിന്ദു അടൂർ പോളിടെക്നിക് കോളജ് പ്രിൻസിപ്പലാണ്. വിദ്യാർഥികളായ തഥാഗത്. തഥാജിത്ത് എന്നിവരാണ് മക്കൾ. ലോക അധ്യാപക ദിനമായ ഒക്ടോബർ ആറിന് കിസുമം സ്കൂളിൽ സുന്ദരേശൻ സാറിന് ഗുരുരത്ന പുരസ്കാരം സമർപ്പിക്കുമെന്ന് പൂവ് സർഗവേദി ഭാരവാഹികൾ അറിയിച്ചു.