പ്രതീകാത്മക ചിത്രം
ചേർപ്പ്: സെന്റ്് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിക്കുന്നു . ഇറ്റലിയിലെ പാദുവായിൽ വിശുദ്ധന്റെ കബറിടപ്പള്ളിയിൽ നിന്നും കൊണ്ടുവന്ന അഴുകാത്ത നാവ് അടക്കമുള്ള തിരുശേഷിപ്പ് പഴുവിൽ സെന്റ്് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ നിന്നും വാഹന അകമ്പടിയോടെ ഭക്ത്യാദരപൂർവം കൊണ്ടുവന്ന് ചേർപ്പ് ഇടവക ദേവാലയത്തിൽ എട്ടിന് പ്രതിഷ്ഠിക്കും.
വൈകീട്ട്4.30ന് ഫൊറോന വികാരി ഫാ. ജോബ് വടക്കൻ ആശീർവദിച്ചു നൽകുന്ന തിരുശേഷിപ്പ് വിശുദ്ധ അന്തോണീസിന്റെ കപ്പേള വഴി പ്രധാന നിരത്തിലൂടെ 5.30ന് പടിഞ്ഞാട്ടുമുറി ഇടവക അതിർത്തിയിൽ എത്തിച്ചേരുകയും നൂറോളം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പേപ്പൽ പതാകകളാൽ അലംകൃതമായി ദേവാലയ അങ്കണത്തിൽ എത്തിച്ചേരുകയും ചെയ്യും.
ചേർപ്പ് ലൂർദ്മാതാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ ബാൻഡ് വാദ്യത്തോടെ "ഗാർഡ് ഓഫ് ഓണർ' നൽകും. തുടർന്ന് ഇടവകയിലെ അമ്മമാരും കുട്ടികളും ചേർന്നൊരുക്കുന്ന പ്രദക്ഷിണത്തോടെ തിരുശേഷിപ്പ് ദേവാലയത്തിൽ പ്രവേശിക്കും. അമ്മാടം സെന്റ് ആന്റണീസ് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ തിരുശേഷിപ്പ് സ്വീകരിച്ച് വണക്കത്തിനായി അൾത്താരയിൽ പ്രതിഷ്ഠിക്കും. ദിവ്യബലിയെത്തുടർന്ന് ഇടവകയിലെ അന്തോണീസ് - മേരി നാമധാരികളെ ആദരിക്കും. മാതാവിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ച് 19 കുടുംബയൂണിറ്റുകളിൽ നിന്നും മാതാവിന്റെ വിവിധ പ്രത്യക്ഷീകരണങ്ങളുടെ ദൃശ്യാവിഷ്കാരവും ഉണ്ടായിരിക്കും. തുടർന്ന് നടക്കുന്ന ആഘോഷമായ സമൂഹബലിയിൽ ചേർപ്പ് ഇടവകയിൽ നിന്നുള്ള വൈദികരും സഹകാർമികരാകും.
ദിവ്യബലിക്കുശേഷം തിരുശേഷിപ്പുവണക്കവും സ്നേഹവിരുന്നും ഉണ്ടാകും വാർത്താസമ്മേളനത്തിൽ പള്ളി വികാരി ഫാ. ഫ്രാൻസിസ് കുത്തൂർ, കൺവീനർ, കൈക്കാരൻമാരായ ജോമി കുന്നംകട, മാർട്ടിൻ ജോസ് , സാജു ഫ്രാൻസിസ്, ഫ്രാങ്കോ കുന്നത്ത്, ലോബിൻ ലോനപ്പൻ, മാത്യു ഇഞ്ചോടിക്കാരൻ, സ്റ്റിൻസൻ കരിപ്പേരി, ബേബി വിന്നി എന്നിവർ പങ്കെടുത്തു.