ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കല്ലിയൂരിൽ നടന്ന ശോഭായാത്ര.
നെടുമങ്ങാട്: ബാലഗോകുലങ്ങളുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകൾ നെടുമങ്ങാടിനെ അമ്പാടിയാക്കി.
വൈകുന്നേരത്തോടെ നെടുമങ്ങാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ആരംഭിച്ച ശോഭയാത്രകൾ നഗരത്തിൽ എത്തിച്ചേർന്നു. ഉറിയടി മത്സരങ്ങൾ, ഭജനകൾ, കൃഷ്ണഭക്തിഗാനങ്ങൾ എന്നിവയാൽ മുഖരിതമായിരുന്നു ഓരോ കേന്ദ്രവും.
വിവിധ ദേശങ്ങളിൽ നിന്നുള്ള ശോഭയാത്രകൾ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സംഗമിച്ചതോടെ ആഘോഷം കൂടുതൽ വർണാഭമായി. നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുനിന്നാരംഭിച്ച ശോഭയാത്ര പതിനൊന്നാം കല്ല്, ആശുപത്രി ജംഗ്ഷൻ, ചന്തമുക്ക്, കച്ചേരിനട, പാളയം ജംഗ്ഷൻ വഴി മേലാങ്കോട് ദേവീക്ഷേത്രത്തിൽ സമാപിച്ചു. ശ്രീകൃഷ്ണൻ, കുചേലൻ, ബലരാമൻ, ശ്രീരാമൻ, കംസൻ, ഗോപികമാർ എന്നിവരുടെ വേഷങ്ങൾ ധരിച്ചു ബാലികാബാലൻമാർ ശോഭ യാത്രയിൽ അണിചേർന്നു. ഇതിനോടൊപ്പം ഉണ്ണിക്കണ്ണന്റെ ലീലാവിലാസങ്ങളുമായി നിശ്ചലദൃശ്യങ്ങളും വിവിധ വാദ്യോപകരണങ്ങളും ശോഭയാത്രയ്ക്ക് അകന്പടിയായി.പൊലിസിന്റെയും വിവിധ സംഘാടക സമിതികളുടെയും നേതൃത്വത്തിൽ ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ മുൻകരുതലുകളും ഒരുക്കിയിരുന്നു.
നേമം: ശ്രീകൃഷ്ണജയന്തിയോടനുന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വെള്ളായണി, കല്ലിയൂർ, വലിയറത്തല, നരുവാമൂട്, മൊട്ടമൂട്, ഭഗവതിനട, വെടിവച്ചാൻകോവിൽ എന്നിവിടങ്ങളിൽ ശോഭായാത്ര നടന്നു. ശ്രീകൃഷ്ണന്റെയും കുചേലന്റെയും രാധയുടെയും വേഷങ്ങളണിഞ്ഞു നൂറുകണക്കിനു ബാലികാബാലന്മാർ ശോഭായാത്രയ്ക്ക് മാറ്റുകൂട്ടി. വിവിധ കലാരൂപങ്ങൾ ശോഭായാത്രയ്ക്ക് അകമ്പടിയായി. വിവിധശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളുമുണ്ടായിരുന്നു.
വെള്ളറട: ബാലഗോകുലം വെള്ളറട പഞ്ചായത്ത് സമിതി ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ശോഭായാത്ര സംഘടിപ്പിച്ചു. വെള്ളറട മണ്ഡലം പുലിയൂര്‍ശാല പൊട്ടന്‍ചിറ ശ്രീഭദ്രാദേവീക്ഷേത്രത്തില് നിന്നും ആരംഭിച്ച ശോഭായാത്ര പനച്ചമൂട് -ചൂണ്ടിക്കല്‍ വഴി വെള്ളറടയിലെത്തി. കിളിയൂര്‍ മണ്ഡലം താഴേക്കര ശ്രീഭദ്രകാളി ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച മറ്റൊരു ശോഭായാത്ര പൊന്നമ്പി വഴി വെള്ളറടയെത്തി. ഇരു ശോഭയാത്രകളും വെള്ളറടയില്‍ സംഗമിച്ച് മഹാശോഭ യാത്രയായി ചൂണ്ടിക്കല്‍ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തില്‍ സമാപിച്ചു.
വെഞ്ഞാറമ്മൂട്: ബാലഗോകുലത്തിന്റെയും മറ്റു വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ കുരുന്നുകൾ അണിനിരന്ന ഘോഷയാത്രകൾ മേഖലയിലുടനീളം നടന്നു. കിരീടവും മയിൽപ്പീലിയും ധരിച്ച് ഓടക്കുഴലുകൾ കൈകളിലേന്തിയ ഉണ്ണിക്കണ്ണൻമാരും വിശേഷവസ്ത്രങ്ങൾ ധരിച്ച ഗോപികമാരും ശോഭായാത്രയിൽ അണിനിരന്നതോടെ ഗ്രാമ-നഗര വീഥികൾ അന്പാടിയായിമാറി. വിവിധ ക്ഷേത്രങ്ങളിൽ നിന്നും ആരംഭിച്ച ആഘോഷ ഘോഷയാത്രകൾ വൈകുന്നേരത്തോടെ പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് ക്ഷേത്രത്തിൽ ഉറിയടി അരങ്ങേറി.
മാണിക്കോട് മഹാദേവ ക്ഷേത്രം, അണ്ണൽ ദേവീ ക്ഷേത്രം, തെന്നൂർ ദേവീ ക്ഷേത്രം, തിരുനെല്ലൂർക്കോണം ശിവക്ഷേത്രം, കാവറ ഭഗവതി ക്ഷേത്രം, വേങ്കമല ദേവീ ക്ഷേത്രം തുടങ്ങിയ ആരാധാനാലങ്ങളിൽ പ്രാധാന പൂജകൾ നടന്നു.