സജൻ
ചാരുംമൂട്: ഷാപ്പിൽ പരിചയപ്പെട്ട യുവാവിന് മദ്യം വാങ്ങി നൽകി മയക്കിയശേഷം ബൈക്കുമായി കടന്നുകളഞ്ഞ കേസിലെ പ്രതി പൊലിസ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പത്തനംതിട്ട അടൂർ ഏഴംകുളം കിഴക്കതിൽ സജൻ ആണ് നൂറനാട് പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ 13ന് രാവിലെ 11ന് കറ്റാനം വെട്ടിക്കോട് ഭാഗത്തെ ഷാപ്പിൽ വച്ചാണ് സംഭവം.
ഏഴംകുളം സ്വദേശിയായ യുവാവിനെ പരിചയപ്പെട്ട പ്രതി ഇയാൾക്ക് മദ്യം വാങ്ങി നൽകുകയായിരുന്നു. തുടർന്ന് യുവാവിനെ മോട്ടോർസൈക്കിളിനു പിന്നിലിരുത്തി ആദിക്കാട്ടുകുളങ്ങര ഭാഗത്തേക്ക് കൊണ്ടുപോയി. അമിത മദ്യം അകത്തു ചെന്ന യുവാവ് ബോധരഹിതനാവുകയും ഇവിടെ ഇറക്കി കിടത്തിയശേഷം ഇയാളുടെ മോട്ടോർസൈക്കിളുമായി പ്രതി കടന്നുകളയുകയായിരുന്നു.
യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നൂറനാട് പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സമാനരീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളയാളാണ് പ്രതിയെന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയും മോഷ്ടിച്ച മോട്ടോർ സൈക്കിളുമായി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളയാളാണെന്നും മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത കേസുകളിലും ഇയാൾ പ്രതിയാണെന്നും പൊലിസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് പ്രതിയെ മാവേലിക്കര കോടതി റിമാൻഡ് ചെയ്തു. നൂറനാട് സിഐ ശ്രീജിത്ത്, എസ്ഐ രതീഷ്, എസ്ഐ ഹക്കിം, എഎസ്ഐ ബിജു രാജ്, സിപിഒമാരായ മനു, വിശാഖ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Tags : NattuVishesham.DistricteNews