പ്രതീകാത്മക ചിത്രം
കാഞ്ഞിരപ്പള്ളി: പൊന്തൻപുഴ വനമേഖലയിലെ കറിക്കാട്ടൂർ റിസർവ് വനത്തിൽ ഉൾപ്പെട്ട 970 ഏക്കർ ഭൂമിക്ക് അവകാശവാദവുമായി സ്വകാര്യവ്യക്തികൾ രംഗത്ത്.
കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിൽ ബ്ലോക്ക് നമ്പർ 21ൽ സർവെ നമ്പർ 326ൽപ്പെട്ട ഭൂമി റീ -സർവെ രേഖകൾ അനുസരിച്ച് കറിക്കാട്ടൂർ സംരക്ഷിത വനത്തിന്റെ ഭാഗമാണ്. ഈ വസ്തു അളന്നു ലഭിക്കുന്നതിനായി 2006 മുതൽ 15 റിട്ട് പെറ്റീഷനുകളാണ് കേരള ഹൈക്കോടതിയുടെ മുന്നിൽ എത്തിയത്. ഈ കേസുകൾ ഒരുമിച്ചു പരിഗണിച്ച കോടതി 2025 ഓഗസ്റ്റ് നാലിന് പുറപ്പെടുവിച്ച വിധിന്യായത്തിൽ വസ്തു അളന്നു ലഭിക്കുന്നതിന് ജില്ലാ കളക്ടറെ സമീപിക്കാനും കളക്ടർ ആവശ്യമായ നടപടി സ്വീകരിക്കാനും ഉത്തരവിട്ടു. ഈ ഉത്തരവ് നടപ്പിലാക്കി കിട്ടാൻ ആലപ്പുഴ സ്വദേശിയായ ഗോപിനാഥൻ നായർ കളക്ടറെ സമീപിക്കുകയായിരുന്നു.
470 ഏക്കർ ഭൂമി തനിക്കുണ്ടെന്നും ആ ഭൂമി തിരിച്ചറിഞ്ഞു നൽകണമെന്നുമാണ് അപേക്ഷകന്റെ ആവശ്യം. അതേ സർവെയിൽ 500 ഏക്കർ ഭൂമി തിരിച്ചറിഞ്ഞു നൽകണമെന്ന ആവശ്യവുമായി കരുനാഗപ്പള്ളി സ്വദേശി സഫർ അഹമ്മദ് എന്നയാളും ജില്ലാ കളക്ടറെ സമീപിച്ചു. അപേക്ഷയിൽ നടപടി സ്വീകരിക്കാനും സംയുക്ത സ്ഥലപരിശോധന നടത്താനും വനം - റവന്യൂ വകുപ്പുകളോട് കളക്ടർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ മണിമല വില്ലേജിൽ പരിശോധനകൾ ആരംഭിച്ചു.
കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കോട്ടയം സർവെ ഡപ്യുട്ടി ഡയറക്ടർ, കാഞ്ഞിരപ്പള്ളി ഭൂരേഖ തഹസീൽദാർ, മണിമല വില്ലേജ് ഓഫീസർ എന്നിവർക്കാണ് സ്ഥലപരിശോധനയുടെ ചുമതല. ഇന്ന് പരിശോധന പൂർത്തിയാക്കും.
കറിക്കാട്ടൂർ വനം 1917ൽ സംരക്ഷിത വനം എന്ന പദവി നേടുകയും ഇപ്പോൾ കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിൽ ഇരിക്കുകയും ചെയ്യുന്ന സ്ഥലമാണ്. കേന്ദ്രവനസംരക്ഷണ നിയമം നിലവിലുള്ള 2520 ഏക്കർ വരുന്ന ഈ സ്ഥലത്തിന്റെയുള്ളിൽ കടന്ന് 970 ഏക്കർ അളന്നുതിരിക്കുന്നത് വനസംരക്ഷണനിയമത്തിന്റെ ലംഘനവും ഗുരുതരമായ ക്രമക്കേടുമാണെന്നും വനത്തിന്റെ പൂർണമായ സുരക്ഷ ഉറപ്പാക്കണമെന്നും കാണിച്ച് പൊന്തൻപുഴ വനസംരക്ഷണ സമിതിക്കുവേണ്ടി രാജേഷ് ഡി. നായർ കോട്ടയം ഡപ്യൂട്ടി കളക്ടർക്കു പരാതി നൽകി.
ആലപ്രയിൽ പട്ടയം ഇല്ലാതെ നൂറ്റാണ്ടിന് മേലായി താമസിക്കുന്ന 1012 കുടുംബങ്ങളുടെ ഭൂമി വനത്തിനു പുറത്താണെന്ന് കണ്ടെത്താൻ ആലപ്ര റിസർവിന്റെ അതിർത്തി പരിശോധിക്കണമെന്ന ലാൻഡ് റവന്യൂ കമ്മീഷണറുടെ 2024 ഡിസംബറിലെ ഉത്തരവിൽ ഇനിയും നടപടി വൈകിപ്പിക്കുന്ന ജില്ലാകളക്ടറാണ് മാഫിയ്ക്കുവേണ്ടി തിടുക്കത്തിൽ നടപടി ആരംഭിച്ചിരിക്കുന്നതെന്ന് പൊന്തൻപുഴ സമരസമിതി നേതാവ് ജയിംസ് കണ്ണിമല പറഞ്ഞു.
Tags : NattuVishesham.DistricteNews