നെയ്യാറ്റിന്‍കര ചന്പയില് റോഡിലെ മിനി എംസിഎഫ് മാലിന്യചാക്കുകളാല് നിറഞ്ഞു കവിഞ്ഞ നിലയില്‍.
നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര നഗരസഭയുടെ ഹൃദയഭാഗത്തെ അജൈവ മാലിന്യങ്ങൾ ശേഖരിക്കാനും തരംതിരിക്കാനുമുള്ള മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എംസിഎഫ്) യൂണിറ്റില്‍ നിന്നും മാലിന്യം യഥാസമയം നീക്കം ചെയ്യുന്നില്ലെന്ന് ആക്ഷേപം. നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, അക്ഷയ ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയ്ക്കു സമീപത്തെ ചന്പയില് റോഡിലെ എംസിഎഫ് മാലിന്യച്ചാക്കുകളാല് നിറഞ്ഞു കവിഞ്ഞ നിലയിലാണ്. ദിവസവും നൂറു കണക്കിനു പേര് കാല്‍നടയായി സഞ്ചരിക്കുന്ന റോഡാണിത്. ഒട്ടേറെ സ്കൂള്‍ ബസുകള്‍ ദിനവും ഈ റോഡിലൂടെ കടന്നുപോകുന്നു. മിനി എംസിഎഫുകളില്‍ നിന്നും കൃത്യതയോടെ മാലിന്യച്ചാക്കുകള്‍ നീക്കം ചെയ്യേണ്ട ഉത്തരവാദിത്വം നഗരസഭയ്ക്കുണ്ടെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടി.
മാലിന്യച്ചാക്കുകള്‍ മിനി എംസിഎഫിനുള്ളില് കുത്തിനിറച്ച മട്ടിലാണ്. ഇവ കൂടാതെ പ്ലാസ്റ്റിക് കിറ്റുകളും മറ്റും സമീപത്തു കാണാം. മിനി എംസിഎഫിനു പുറത്ത് ചുമരോട് ചേര്‍ത്ത് ചാക്കുകെട്ടുകള്‍ നിരത്തിവച്ചിട്ടുണ്ട്. കന്പവലകള്ക്കുള്ളിലെയും പുറത്തെയും ചാക്കുകെട്ടുകളിലെ പൊടിയും ഇതുവഴി കാല്‍നടയായി സഞ്ചരിക്കുന്നവരെ സംബന്ധിച്ചിടത്തോളം അനാരോഗ്യം നല്‍കാനിടയുണ്ട്. കല്യാണമണ്ഡപവും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി വീടുകളുമെല്ലാമുള്ള ചന്പയില് റോഡിലെ മിനി എംസിഎഫിന്റെ നിലവിലെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളും വനിതകളും വയോധികരും അടക്കമുള്ളവര്‍ കാല്‍നടയായി പോകുന്ന പാതയിലേയ്ക്ക് ചാക്കുകെട്ടുകള്‍ ഏതു നിമിഷവും വീണേക്കാം എന്നതാണ് സ്ഥിതിയെന്നും ചിലര്‍ കൂട്ടിച്ചേര്‍ത്തു. ശുചിത്വനഗരസഭ, മാലിന്യമുക്ത നഗരസഭ എന്നൊക്കെയുള്ള പ്രഖ്യാപനങ്ങള്‍ നഗരസഭവാസികള് പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും പാതയോരത്തെ ഇത്തരം കാഴ്ചകള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നും പരക്കെ ആരോപണമുണ്ട്.
മാലിന്യനീക്കം ഊർജിതം
നഗരസഭയിലെ മാലിന്യനിര്‍മാര്‍ജന പ്രവൃത്തികള്‍ ഊര്‍ജിതമായി തുടരുന്നു . നെയ്യാറ്റിന്‍കര നഗരസഭ വാര്‍ഡുകളിലെ മിനി എംസിഎഫുകള്‍ നിറയുന്നതനുസരിച്ച് വാഹനങ്ങളില്‍ മാലിന്യചാക്കുകെട്ടുകള് നീക്കം ചെയ്യാറുണ്ട്. മിനി എംസിഎഫുകളില്‍ നിന്നും ചാക്കുകെട്ടുകള്‍ റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്‍ആര്‍എഫ്) യൂണിറ്റിലേയ്ക്കാണ് ആദ്യം എത്തിക്കുന്നത്. ഹരിതകര്‍മസേനാംഗങ്ങളുടെ സഹായത്തോടെ നഗരസഭയുടെ വാഹനങ്ങളില്‍ ആര്‍ആര്‍എഫില്‍ കൊണ്ടുവരുന്ന ഈ ചാക്കുകെട്ടുകള്‍ ക്ലീന്‍ കേരള കന്പനിക്ക് കൈമാറുകയാണ് പതിവ്.
മഞ്ജു രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ്
കമ്മിറ്റി ചെയര്‍പേഴ്സണ്‍,നെയ്യാറ്റിന്‍കര നഗരസഭ.
പലവട്ടം പറഞ്ഞിട്ടും നടപടിയില്ല
നെയ്യാറ്റിന്‍കര നഗരസഭയില്‍ ചന്പയില് റോഡിലെ മിനി എംസിഎഫിന്റെ അവസ്ഥ പല തവണ പറഞ്ഞതാണ്. ഗ്രാമം വാര്‍ഡിലെ മറ്റൊരു എംസിഎഫ് പൊളിഞ്ഞ നിലയില്‍ അവശേഷിക്കുന്നു. ഗ്രാമം ജംഗ്ഷനിലെ വാട്ടര്‍ അഥോറിറ്റിയുടെ ഓഫീസിനു സമീപം കരമന- കളിയിക്കാവിള പാതയോരത്തായി ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച എയ്റോബിന് പ്രവര്‍ത്തനരഹിതമായി തുടരുന്നു.
ഗ്രാമം പ്രവീണ്‍, കൗണ്‍സിലര്‍,നെയ്യാറ്റിന്‍കര നഗരസഭ
Tags : District News Nattuvishesham MCF overflowing sacks of waste