പ്രതീകാത്മക ചിത്രം
കോഴിക്കോട്: കമ്മത്ത് ലെയ്നില്‍ സ്വര്‍ണ വ്യാപാരികളെ കബളിപ്പിച്ച് 1.39 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ പ്രതി സഫര്‍നാസിനെ പിടികൂടിയെങ്കിലും തൊണ്ടിമുതല്‍ കണ്ടെത്താന്‍ പൊലിസിനായില്ല. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വിവിധ സ്ഥലങ്ങളില്‍ പൊലിസ് പരിശോധന നടത്തിയെങ്കിലും സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
നിലവില്‍ പ്രതി പൊലിസ് കസ്റ്റഡിയിലാണ്. ഈ മാസമാദ്യമാണ് പ്രതിയെ പൊലിസ് മലപ്പുറത്തുനിന്ന് പിടികൂടിയത്. 948.010 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് ഇയാള്‍ കമ്മത്ത് ലെയ്നിലെ വിവിധ ജ്വല്ലറികളില്‍ നിന്നായി കവര്‍ന്നത്. ഇവിടുത്തെ ഒരു ജ്വല്ലറിയിലെ ജീവനക്കാരനായിരുന്നു സഫര്‍നാസ്. മാലയുടെ മോഡല്‍ ഉപഭോക്താക്കള്‍ക്ക് കാണിക്കാനാണെന്ന് വിശ്വസിപ്പിച്ചാണ് സ്വര്‍ണം കൈക്കലാക്കിയത്. ജൂലൈ 27നാണ് കേസിനാസ്പദമായ സംഭവം.
കമ്മത്ത് ലെയ്നിലെ 11 ജ്വല്ലറികളില്‍ നിന്നായാണ് ഇയാള്‍ സ്വര്‍ണമാലകള്‍ ശേഖരിച്ചത്. ഇതിന് ശേഷം താന്‍ ജോലി ചെയ്യുന്ന കടയുടെ ഗ്ലാസ് ഡോര്‍ അടച്ച് താക്കോള്‍ സമീപത്തെ കടയില്‍ ഏല്‍പ്പിച്ച് ഇയാള്‍ മുങ്ങുകയായിരുന്നു.
സംഭവത്തില്‍ കൂട്ടുപ്രതികളുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ടെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കേസന്വേഷിക്കുന്ന ടൗണ്‍ പൊലിസ് അറിയിച്ചു. കേസില്‍ തെളിവെടുപ്പ് തുടങ്ങിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Tags : District News Nattuvishesham gold robbery not recovered