പെരുമ്പാവൂർ വട്ടക്കാട്ടുപടിയിലെ ഗോഡൗണിൽ നിന്നും പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്ന ശേഖരം.
പെരുമ്പാവൂർ: സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 26.5 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത ലഹരിവസ്തുക്കൾ എക്സൈസ് പിടിച്ചെടുത്തു. എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡും ഇന്റലിജൻസ് സംഘവും പെരുമ്പാവൂർ റെയിഞ്ച് സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പെരുമ്പാവൂർ വട്ടക്കാടുപടിയിൽ നിന്ന് ഹാൻസ്, പാൻപരാഗ് തുടങ്ങിയ ലഹരിവസ്തുക്കൾ കണ്ടെടുത്തത്.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിൽ അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയിലധികം രൂപ വിലവരുന്ന ലഹരി പദാർഥങ്ങൾ എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പെരുമ്പാവൂരിലെ ഗോഡൗണിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. 35ഓളം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 26,250 പായ്ക്കറ്റ് ഹാൻസാണ് പിടികൂടിയത്. കാലിത്തീറ്റ ഗോഡൗൺ എന്ന വ്യാജേനയാണ് ഹാൻസ് ശേഖരം സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. എക്സൈസ് സംഘം സ്ഥലത്തെത്തുമ്പോൾ ഗോഡൗണിന്റെ പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. വാടകയ്ക്ക് നൽകിയിരുന്ന കെട്ടിടത്തിന്റെ പൂട്ട് ഗോഡൗൺ ഉടമയുടെ സാന്നിധ്യത്തിൽ തുറന്ന് നടത്തിയ പരിശോധനയിലാണ് ഹാൻസ് ശേഖരം പിടികൂടിയത്.
പ്രതികളെന്ന് സംശയിക്കുന്ന കോട്ടയം, കൊല്ലം സ്വദേശികൾക്കായി എക്സൈസ് ഊർജിത അന്വേഷണം ആരംഭിച്ചു.
Tags : NattuVishesham.DistricteNews