x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആശങ്കയുടെ മുൾമുനയിൽ മലയോരം ഇ​നി ഞ​ങ്ങ​ള്‍ കു​ടി​യി​റ​ങ്ങ​ണോ?

വെബ് ഡെസ്ക്
Published: September 19, 2026 03:33 AM IST | Updated: September 19, 2026 03:33 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​മ്പാ​ടി: ഏ​റെ വി​യ​ര്‍​പ്പൊ​ഴു​ക്കി ജീ​വി​തം പ​ടു​ത്തു​യ​ര്‍​ത്തി​യ ഈ ​മ​ണ്ണി​ല്‍ അ​ഭ​യാ​ര്‍​ഥി​ക​ളെ​പ്പോ​ലെ ഞ​ങ്ങ​ള്‍ ജീ​വി​ക്ക​ണോ? അ​ല്ലെ​ങ്കി​ല്‍ ഈ ​നാ​ട് വി​ട്ട് കു​ടി​യി​റ​ങ്ങ​ണോ? ഇ​എ​സ്എ പ​രി​ധി​യി​ല്‍ പെ​ട്ടി​രി​ക്കു​ന്ന തി​രു​വ​മ്പാ​ടി വി​ല്ലേ​ജി​ലെ ക​ര്‍​ഷ​ക ജ​ന​ത​യു​ടെ ആ​ശ​ങ്ക​യാ​ണി​ത്.

ഒ​രു​കാ​ല​ത്ത് പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് മ​ല​യോ​ര​ത്ത് ജീ​വി​തം പ​ടു​ത്തു​യ​ര്‍​ത്തി​യ​വ​രാ​ണ് ഇ​ന്ന് മ​റ്റൊ​രു ആ​ശ​ങ്ക​യു​ടെ നി​ഴ​ലി​ല്‍ ക​ഴി​യു​ന്ന​ത്. പ​ല​രും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നാ​കാ​തെ കൃ​ഷി​യി​ട​ങ്ങ​ളും വീ​ടു​ക​ളും ഉ​പേ​ക്ഷി​ച്ച് ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് മാ​റി.

എ​ന്നാ​ല്‍ മ​ണ്ണി​നോ​ടു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ക്കാ​തെ ഇ​വി​ടെ​ത്ത​ന്നെ പി​ടി​ച്ചു​നി​ന്ന​വ​രു​ടെ മു​ന്നി​ലാ​ണ് ഇ​പ്പോ​ള്‍ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യു​ടെ പു​തി​യ ആ​ശ​ങ്ക. പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​ത്തി​നാ​യി കേ​ന്ദ്ര പ​രി​സ്ഥി​തി, വ​നം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം ജൂ​ലൈ 27ന് ​പു​റ​പ്പെ​ടു​വി​ച്ച ഏ​ഴാം ക​ര​ട് വി​ജ്ഞാ​പ​ന​മാ​ണ് തി​രു​വ​മ്പാ​ടി വി​ല്ലേ​ജി​ലെ ജ​ന​ത​യു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്. കേ​ര​ളം സ​മ​ര്‍​പ്പി​ച്ച അ​ന്തി​മ ശി​പാ​ര്‍​ശ​യി​ലെ മേ​ഖ​ല​ക​ള്‍ മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് മ​ല​യോ​ര ജ​ന​ത​യു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

ത​ല​മു​റ​ക​ളു​ടെ അ​ധ്വാ​ന​ത്തി​ലൂ​ടെ ഉ​യ​ര്‍​ന്ന വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്ന ജ​ന​വാ​സ മേ​ഖ​ല​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​എ​സ്എ പ​രി​ധി സം​ബ​ന്ധി​ച്ച വ്യ​ക്ത​ത​ക്കു​റ​വാ​ണ് ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ശ​ങ്ക​ക​ളി​ലൊ​ന്ന്. സ്വ​ന്തം ഭൂ​മി നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട ഇ​എ​സ്എ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന​റി​യാ​ന്‍ കൃ​ത്യ​മാ​യ അ​തി​ര്‍​ത്തി ഭൂ​പ​ട​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണ്.

ഭൂ​മി​യു​ടെ ക്ര​യ​വി​ക്ര​യം, ബാ​ങ്ക് വാ​യ്പ, വീ​ടു​നി​ര്‍​മാ​ണം, റോ​ഡ് വി​ക​സ​നം, കൃ​ഷി, ചെ​റു​കി​ട സം​രം​ഭ​ങ്ങ​ള്‍ എ​ന്നി​വ​യെ ഭാ​വി​യി​ല്‍ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന​താ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക.83.96 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ് തി​രു​വ​മ്പാ​ടി വി​ല്ലേ​ജി​ന്‍റെ വി​സ്തീ​ര്‍​ണം. ജ​ന​സം​ഖ്യ 23968. ഇ​ത്ര​യ​ധി​കം ആ​ളു​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​യെ ഇ​എ​സ്എ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍​പ്പി​ച്ചാ​ലു​ണ്ടാ​കാ​വു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

പ​ശ്ചി​മ​ഘ​ട്ടം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു ത​ന്നെ​യാ​ണെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ നി​ല​പാ​ട്. വ​ന​വും നീ​രു​റ​വ​ക​ളും മ​ല​ക​ളും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന​തി​ല്‍ ത​ര്‍​ക്ക​മി​ല്ല. എ​ന്നാ​ല്‍ പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​വി​ടെ താ​മ​സി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രെ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ല്‍ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന രീ​തി​യി​ലു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​രു​തെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം.

ക​ര്‍​ഷ​ക​ര്‍, തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍, കു​ടി​യേ​റ്റ ക​ര്‍​ഷ​ക​ര്‍, ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ള്‍, ചെ​റു​കി​ട സം​രം​ഭ​ക​ര്‍ എ​ന്നി​വ​രും പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന​താ​ണ് മ​ല​യോ​ര ജ​ന​ത ഉ​യ​ര്‍​ത്തു​ന്ന വാ​ദം. ഇ​എ​സ്എ വി​ഷ​യ​ത്തി​ല്‍ വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളും ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു​വ​രി​ക​യാ​ണ്. തി​രു​വ​മ്പാ​ടി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​ക​ള്‍ ചേ​രു​ക​യും വ​ന്‍​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടു​കൂ​ടി ജ​ന​ങ്ങ​ള്‍ അ​ത് ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന അ​നി​ശ്ചി​ത​ത്വ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം

ഏ​ഴാം ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന് ശേ​ഷം കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി മു​ഖ്യ​മ​ന്ത്രി​യും പ​രി​സ്ഥി​തി, വ​നം മ​ന്ത്രി​മാ​രും ന​ട​ത്തി​യ ച​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കി വ​നാ​തി​ര്‍​ത്തി​യി​ല്‍ മാ​ത്രം ഇ​എ​സ്എ പ​രി​ധി അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​ര്‍​ദേ​ശം സ​ര്‍​ക്കാ​ര്‍ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.
ഇ​ക്കാ​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​ണ്.

സി.​കെ. കാ​സിം എം​എ​ല്‍​എ

ജനങ്ങളെയും സംരക്ഷിക്കണം

ഇ​എ​സ്എ വി​ഷ​യ​ത്തി​ല്‍ മ​ല​യോ​ര ജ​ന​ത​യു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ട​ണം. ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്കി ന​ല്‍​കി​യ അ​ന്തി​മ വി​ജ്ഞാ​പ​നം ന​ട​പ്പാ​ക്ക​ണം. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ഒ​ഴി​വാ​ക്കി ശാ​സ്ത്രീ​യ​മാ​യ അ​തി​ര്‍​ത്തി നി​ര്‍​ണ​യ​ത്തി​ലൂ​ടെ അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്തു​ക​യാ​ണ് വേ​ണ്ട​ത്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ജ​ന​ജീ​വി​ത​വും ഒ​രു​മി​ച്ച് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന സ​മീ​പ​ന​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യം.

ലി​ന്‍റോ ജോ​സ​ഫ് (മു​ന്‍ എം​എ​ല്‍​എ, ).


എ​ല്ലാ ത​ല​ങ്ങ​ളി​ലും ഇ​ട​പെ​ട​ല്‍ ആ​വ​ശ്യം

പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണം പ്ര​ധാ​ന​മാ​ണ്. അ​തോ​ടൊ​പ്പം വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വി​ടെ ജീ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം.
ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ കേ​ട്ട് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ എ​ല്ലാ ത​ല​ങ്ങ​ളി​ലും ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​മാ​ണ്.
കാലങ്ങളായി ജീവിക്കുന്ന പ്രദേശത്ത് നിന്ന് കുടിയങ്ങേണ്ടി വരുമോ എന്ന ആശങ്ക ഇല്ലാതാകണം.

മി​ല്ലി മോ​ഹ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്


ഗ്രാ​മ​സ​ഭ പ്ര​മേ​യം പ​രി​ഗ​ണി​ക്ക​ണം

ഇ​എ​സ്എ വി​ജ്ഞാ​പ​ന​ത്തി​ല്‍ നി​ന്ന് തി​രു​വ​മ്പാ​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ ജ​ന​വാ​സ മേ​ഖ​ല​ക​ളും തോ​ട്ടം​ഭൂ​മി​ക​ളും പൂ​ര്‍​ണ മാ​യി ഒ​ഴി​വാ​ക്ക​ണം. വ​ന​ഭൂ​മി വ​ന​ഭൂ​മി​യാ​യി മാ​ത്രം നി​ല​നി​ര്‍​ത്ത​ണം. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത ഗ്രാ​മ​സ​ഭാ യോ​ഗ​ങ്ങ​ളി​ലെ തീ​രു​മാ​ന​ങ്ങ​ളും പ്ര​മേ​യ​ങ്ങ​ളും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്ക​ണം. ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണം. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ചാ​യി​രി​ക്ക​ണം അ​ന്തി​മ തീ​രു​മാ​നം.

ജി​തി​ന്‍ പ​ല്ലാ​ട്ട്
തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്


ക​ര്‍​ഷ​ക​രെ സം​ര​ക്ഷി​ക്ക​ണം, ഒഴിയണം ആശങ്ക

ഈ ​മ​ണ്ണി​ല്‍ ഞ​ങ്ങ​ള്‍ ജീ​വി​തം പ​ടു​ത്തു​യ​ര്‍​ത്തി​യ​താ​ണ്.
ഇ​നി ഒ​രു കു​ടി​യി​റ​ക്കം കൂ​ടി ഞ​ങ്ങ​ളു​ടെ ത​ല​യി​ല്‍ വ​ര​രു​ത്. കാ​ട് സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം ഞ​ങ്ങ​ളു​ടെ വീ​ടും കൃ​ഷി​യി​ട​വും ജീ​വി​ത​വും കൂ​ടി സം​ര​ക്ഷി​ക്ക​ണം. നി​ല​നി​ല്‍​പി​നു വേ​ണ്ടി ഏ​ത​റ്റം​വ​രെ​യും പോ​രാ​ടും. കാ​ര​ണം ക​ര്‍​ഷ​ക ജ​ന​ത​യു​ടെ നി​ല​നി​ല്‍​പി​ന്‍റെ വി​ഷ​യ​മാ​ണി​ത്.


സി​ജോ ജോ​സ്,
ക​ണ്ടെ​ത്തും തൊ​ടി​യി​ല്‍,
യു​വ​ക​ര്‍​ഷ​ക​ന്‍, പു​ല്ലൂ​രാം​പാ​റ.

Tags : District News Nattuvishesham tenterhooks High-range areas

Recent News

Corehub Up