കൊല്ലം ബീച്ച്. -ദീപിക
കൊല്ലം : ദുരന്തം പതിയിരിക്കുന്ന കൊല്ലം ബീച്ച് 10 വര്‍ഷത്തിനുളളില്‍ കവര്‍ന്നെടുത്തത് നൂറിലേറെ ജീവന്. അഞ്ചു വര്‍ഷത്തിനിടെ ബീച്ചില്‍ മുങ്ങിമരിച്ചവരുടെ എണ്ണം 40 ആണ്. ഇക്കാര്യം സൂചിപ്പിച്ച് ബീച്ചില്‍ മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. 10 വര്‍ഷത്തിനിടെ തിരയില്‍പെട്ടു മരിച്ച നൂറു പേരുടെ അഞ്ചിരട്ടിയിലധികം പേരെ ലൈഫ് ഗാര്‍ഡുകളും മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തിയിട്ടുണ്ട്.
തീരത്തിന് ചരിവില്ല,കുത്തനെയുള്ള താഴ്ച
മറ്റു ബീച്ചുകള്‍ ആഴം കുറഞ്ഞതാണ്. മണല്‍ പരപ്പിലേക്കിറങ്ങി നീന്താനും കുളിക്കാനും കഴിയുന്ന തരത്തിലുള്ള തീരമാണ്. എന്നാല്‍ കൊല്ലം ബീച്ച് കടലിലേക്ക് കുത്തനേയുള്ള ആഴമാണ്. തീരത്തുനിന്ന് 50 അടി പിന്നിടുമ്പോള്‍ കുത്തനേ രണ്ടാള് താഴ്ചയാണ്. മറ്റു ബീച്ചുകളില്‍ നീന്തിയും കുളിച്ചും പരിചയമുള്ളവര്‍ കൊല്ലം ബീച്ചില്‍ ഇറങ്ങുമ്പോഴാണ് പലപ്പോഴും അപകടത്തില്‍പെടുന്നത്.
ശക്തമായ തിര ശക്തമായ തിരയാണ് കൊല്ലം ബീച്ചിനെ അപകട മേഖലയാക്കുന്നതിലെ മറ്റൊരു ഘടകം. തീരത്തു നിന്ന് 50 മീറ്റര്‍ മാറി കടലിന് രണ്ടാള് താഴ്ചയുള്ളതിനാല്‍ തിരയടിച്ച് ആഴത്തിലേക്കു പോകുകയാണ്. ആരെങ്കിലും കടല്‍ ഒഴുക്കില്പെട്ടാല് ആഴത്തിലേക്ക് തിര വലിച്ചുകൊണ്ടുപോകും. കടല്‍ തിരിച്ചുകൊണ്ടു വിടുന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്നു. കടലാഴത്തിലേക്ക് വലിച്ചുകൊണ്ടു പോകുന്നയാളിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നവരേയും കടലിനടിയിലേ്ക്കു കൊണ്ടുപോകുന്നു.
വടം കെട്ടി നിയന്ത്രണം
കടല്‍ കൂടുമ്പോഴും പ്രക്ഷുബ്ധമാകുമ്പോഴും കള്ളക്കടല്‍ പ്രതിഭാസം വരുമ്പോഴും വടം കെട്ടി നിര്‍ത്തും. അതിനപ്പുറം ആള് പോകരുതെന്ന മുന്നറിയിപ്പായി അപായ കൊടി നാട്ടുകയും ചെയ്യും. എന്നാല്‍ കടല്‍ കാണാനെത്തുന്നവര്‍ കൈക്കുഞ്ഞുങ്ങളുമായി പോലും കടലില്‍ ഇറങ്ങി അപകടം ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്.
ബീച്ചിന് നീളം കൂടി ഏതുവഴിക്കും ഇറങ്ങാം
റോഡ് വികസനം വന്നതോടെ കൊല്ലം ബീച്ചിനു നീളം കൂടി. ബീച്ച് മുതല്‍ തങ്കശേരി വരെയാണ് തീരദേശ റോഡ് വികസിപ്പിച്ചത്. അതിനാല്‍ തുറമുഖഭാഗത്തേക്കും മറുവശത്ത് വെടിക്കുന്ന് മേഖലയിലേക്കും ബീച്ച് നീണ്ടു. കടല്‍ കാണാനെത്തുന്നവര്‍ എല്ലായിടത്തുകൂടിയും കടലില്‍ ഇറങ്ങുകയാണ്. കൊല്ലം ബീച്ച് ഒഴികെയുള്ള ഭാഗം ലൈഫ് ഗാര്‍ഡിന്റെ നിയന്ത്രണപരിധിയില്‍ അല്ല.
സുരക്ഷയ്ക്കായുള്ള പദ്ധതികള്‍
ബീച്ചും വെടിക്കുന്ന് മേഖലയും സുരക്ഷിതമാക്കുന്നതിന് രണ്ടു പദ്ധതികളാണ് ആസൂത്രണം ചെയ്തത്. കടലില്‍ ജിയോ ട്യൂബുകള്‍ സ്ഥാപിച്ചുള്ള ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതിയും വെടിക്കുന്ന് മേഖലയില്‍ പുലിമുട്ട് സ്ഥാപിക്കലുമാണ് പദ്ധതികള്‍. കൊച്ചി ചെല്ലാനം തീരത്തെ തീരശോഷണം തടയാന്‍ ജിയോ ട്യൂബപ് സ്ഥാപിച്ചിട്ടുണ്ട്.
ഇതേ മാതൃകയില്‍ കടലിലെ ആഴം കുറഞ്ഞ ഭാഗത്തു ജിയോ ട്യൂബുകള്‍ സ്ഥാപിക്കുന്ന ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതിയാണ് വിഭാവന ചെയ്തത്. കടല്‍ മണല്‍ വലിയ സിന്തറ്റിക് ജിയോ ടെക്സ്റ്റൈല്‍ ട്യൂബുകളില്‍ നിറയ്ക്കുന്നതാണ് പദ്ധതി. 200 മീറ്റര്‍ നീളത്തില്‍ വലിയ ജിയോ ട്യൂബില്‍ മണല്‍ നിറച്ചിടും. ഇടയില്‍ 100 മീറ്റര്‍ ഒഴിച്ചിടും. ഇത്തരം മൂന്നു ജിയോ ട്യൂബുകള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി.
ഒരു കിലോമീറ്റര്‍ പരിധിയിലെ രണ്ടു വശങ്ങളില് ചെറിയ പുലിമുട്ടുകളും സ്ഥാപിക്കും. ജിയോ ട്യൂബുകള്‍ വെള്ളത്തിനടിയില്‍, കടല്‍ഭിത്തി പോലെ പ്രവര്‍ത്തിച്ചു തിരമാലകളുടെ വേഗവും ശക്തിയും കുറയ്ക്കും.
തിരകളുടെ ശക്തികുറയുന്നതിനാല് മണല്‍ സ്വാഭാവികമായി തീരത്തടിയും. അപകടാവസ്ഥ ഇല്ലാതാകും. 2013 ല്‍ പദ്ധതിക്കായി10 കോടിയാണ് ചെലവ് കണക്കാക്കിയത്. ഒരു വര്‍ഷം കൊണ്ട് ബീച്ചിന്റെ കുത്തനെയുള്ള ചരിവ് കുറച്ചു കൊണ്ടുവരികയാണ് ലക്ഷ്യം. പദ്ധതിക്കായി സംസ്ഥാന തീരദേശ വികസന കോര്പറേഷന് (കെഎസ്എഡിസി) ചെന്നൈ ഐഐടിയുമായി ചേര്‍ന്നാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.
പുലിമുട്ട് നിര്‍മിച്ചാല്‍ കടലാക്രമണം കുറയും
മുണ്ടയ്ക്കല്‍ പാപനാശനം മുതല്‍ ബീച്ച് വരെയുള്ള വെടിക്കുന്ന് ഭാഗത്ത് പുലിമുട്ട് നിര്‍മിച്ചാല്‍ ഈ പ്രദേശത്തെ കടലാക്രമണം കുറയ്ക്കാനാകും. 60 മീറ്റര്‍ നീളത്തിലുള്ള രണ്ടു പുലിമുട്ടുകളും 30 മീറ്റര്‍ നീളത്തിലുള്ള നാലു പുലിമുട്ടുകളുമാണ് പദ്ധതിയില്‍ വിഭാവന ചെയ്യുന്നത്. പുലിമുട്ടുകള്‍ ടെട്രാപോഡുകള്‍ ഉപയോഗിച്ച് മൂടും. 9.8 കോടി രൂപയുടെ പദ്ധതിക്ക് 2024 ല്‍ അനുമതി നല്‍കിയിരുന്നു. ഒന്നും നടന്നില്ല.
ബീച്ചിലെത്തുന്നത് ആയിരങ്ങള്‍
കൊല്ലം ബീച്ചില്‍ അവധി ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും ആയിരങ്ങള്‍ ബീച്ചില്‍ എത്തുന്നു. മുമ്പ് ബീച്ചിന് 700 മീറ്ററായിരുന്നു നീളം. ഇപ്പോള്‍ ഒന്നര കിലോമീറ്ററോളം നീളമുണ്ട്.
മത്സ്യത്തൊഴിലാളികള്‍ കമ്പവല വലിക്കുന്ന സ്ഥലങ്ങളില്‍ പോലും ആള്‍ക്കാരെത്തി കടലില്‍ ഇറങ്ങുന്നു. നേരത്തേയുള്ള ബീച്ചിലെ 700 മീറ്റര്‍ മേഖലയിലാണ് ലൈഫ് ഗാര്‍ഡുകള്‍ കേന്ദ്രീകരിക്കുന്നത്.
സന്ദര്‍ശകര്‍ ഈ മേഖലയ്ക്ക് അപ്പുറത്ത് കടലില്‍ ഇറങ്ങുമ്പോള്‍ അപകടത്തില്‍പെട്ടാല്‍ ലൈഫ് ഗാര്‍ഡുകള്‍ ഓടിയെത്താന്‍ സമയമെടുക്കും. മണല്‍ വഴി അരകിലോമീറ്റര്‍ ദൂരം ഓടി എത്തുമ്പോഴേക്കും രക്ഷിക്കാനുളള സമയം കഴിഞ്ഞിരിക്കും. ഈ അവസരങ്ങളില്‍ കടലില്‍ പെടുന്നവരെ മത്സ്യത്തൊഴിലാളികളാണ് രക്ഷിക്കാറുള്ളത്.
ഡ്യൂട്ടിക്ക് നാല് ലൈഫ് ഗാര്‍ഡ് മാത്രം
ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ആള്ക്കാര് കടലില്‍ ഇറങ്ങുമ്പോള്‍ ഇവരെ നിയന്ത്രിക്കാന്‍ തീരത്തുണ്ടാകുക നാല് ലൈഫ് ഗാര്ഡ്മാത്രമാകും. ആകെ എട്ട് ലൈഫ്് ഗാര്‍ഡുമാരുണ്ട്. ഇവരില്‍ നാലുപേര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലി നോക്കുന്നു.
രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയാണ് ജോലി സമയം. ജീവന് പണയംവച്ചാണു ജോലി ചെയ്യുന്നതെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ പോലും ഏര്‍പ്പെടുത്തിയിട്ടില്ല.
നിയന്ത്രണമുള്ള സമയങ്ങളില്‍ കടലില്‍ ഇറങ്ങുന്നതു തടയാന്‍ ശ്രമിക്കുമ്പോള്‍ വാക്കേറ്റവും കൈയേറ്റവും പതിവാണ്.