വറ്റി വരണ്ട നഞ്ഞോത്ത് പാടശേഖരത്തിലെ വയലുകള്‍.
മാനന്തവാടി: ജലസേചന സൗകര്യമില്ലാത്തതിനാല്‍ കമ്മനയിലെ ഇരുപതേക്കറോളം വരുന്ന നെല്‍ക്കൃഷി പ്രതിസന്ധിയില്‍. നഞ്ഞോത്ത് പാടശേഖരത്തിലെ വയലുകളാണ് വരണ്ടുണങ്ങുന്നത്.
മഴ കിട്ടിയില്ലെങ്കില്‍ നെല്‍ച്ചെടികളെല്ലാം കരിഞ്ഞുണങ്ങുന്ന സഥിതിയാണുള്ളത്. മഴ കുറഞ്ഞതോടെ നീരുറവകളെല്ലാം വറ്റി വരണ്ടതാണ് നെല്‍ക്കൃഷിക്ക് പ്രതിസന്ധിയായത്. പാടശേഖരത്തിന്റെ താഴ്ഭാഗത്തുള്ള വയലുകളില്‍ മാത്രമാണ് ഇപ്പോള്‍ നനവുള്ളത്. മഴ പെയ്തില്ലെങ്കില്‍ ഒരു മാസം കഴിയുന്നതോടെ ഈ ഭാഗവും വരളും. കബനി നദിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് മുമ്പ് വയലുകളില്‍ വെള്ളമെത്തിച്ചിരുന്നു.
ധാരളം വെള്ളം കിട്ടുമായിരുന്ന കാലത്ത് രണ്ടു വിള കൃഷി എടുത്തിരുന്നതായി കര്‍ഷകനായ ഇ.പി. സജീഷ് പറഞ്ഞു. വെള്ളമില്ലാത്തതിനാല്‍ ഇപ്പോള്‍ ഒറ്റവിള പോലും ചെയ്യാന്‍ സാധിക്കുന്നില്ല. മുമ്പ് മഴ ധാരളമായി ലഭിക്കുന്നതിനാല്‍ വയലുകളും സമീപത്തുള്ള തോടുകളുമൊക്കെ ജലസമൃദ്ധമായിരുന്നു. അതിനാല്‍ കൃഷിയിറക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. മഴ കുറഞ്ഞതിനാല്‍ വയലിലേക്ക് വെള്ളമെത്തിച്ചിരുന്ന തോടുകള്‍ വറ്റി. കൃഷി കരിയാതിരിക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം ഉയരുന്നത്.
Tags : District News Nattuvishesham Kammana Nanjoth paddy fields