കായികമിത്രം പരിപാടിയുടെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടര്‍ഫില്‍ പന്ത് തട്ടി ടി.ഒ. മോഹനന് എംഎ
കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി യുവജന കാര്യവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കായികമിത്രം പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ ടർഫിൽ ടി.ഒ. മോഹനൻ നിർവഹിച്ചു.
വിദ്യാർഥികളിൽ കായിക അഭിരുചി വളർത്തി കായികമേഖലയിൽ പ്രതിഭകളെ വാർത്തെടുക്കുകയാണ് കായിക മിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ടി.ഒ. മോഹനൻ എംഎൽഎ പറഞ്ഞു. ടർഫിൽ ഫുട്ബോൾ തട്ടിയാണ് എംഎൽഎ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചത്. പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലുള്ള വിദ്യാലയങ്ങളില്‍ മിനിമം കായിക ഉപകരണങ്ങള്‍ പദ്ധതിയിലൂടെ ലഭ്യമാക്കും. കായികാധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി കായിക ഉപകരണങ്ങള്‍ കൃത്യമായി ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും. ഡിഡിഇ ഡി. ഷൈനി അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സുനിൽ സെബാസ്, മുഖ്യാധ്യാപകൻ ഫാ. ടോംസൺ ആന്റണി, സമഗ്ര ശിക്ഷ കേരളം കണ്ണൂര്‍ ജില്ല പ്രോജക്ട് ഓഫിസര്‍ ഹാഷിം കാട്ടാമ്പള്ളി, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാരായ എന്‍. സുജിത്ത്, വി.ദീപ, എച്ച്എം ഫോറം സെക്രട്ടറി പി.പി. സുബൈര്‍, പിടിഎ പ്രസിഡന്റ് ഷിജിന് മാണിയത്ത് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews