എംഡിഎംഎ കേസില്‍ അറസ്റ്റിലായവര്‍.
മലപ്പുറം: പത്ത് കോടി രൂപ വില വരുന്ന 13 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസില്‍ മുഖ്യ പ്രതികളടക്കം നാലുപേര്‍ കൂടി അറസ്റ്റില്‍. മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് ഹാരിസ് (37), വയനാട് വടുവഞ്ചാല്‍ സ്വദേശി അഖില്‍ ജോയി (32), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീന് (26), തമിഴ്നാട് ഉദകമണ്ഡലം സ്വദേശി കാര്‍ത്തിക് (32) എന്നിവരാണ് അറസ്റ്റിലായത്.
ബീഹാറിലെ ഭാഗല്പൂരില്നിന്നും ചെന്നൈയില്‍നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ക്കായി 10 ഓളം സംസ്ഥാനങ്ങളിലായി നടത്തിയ നിരീക്ഷണത്തിലും ഒരാഴ്ചയോളം നടത്തിയ രഹസ്യന്വേഷണത്തിലുമാണ് പ്രതികളെ വലയിലാക്കിയത്. കണ്ണൂര്‍ സിറ്റി ഡാന്‍സാഫ് നല്കിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അയല്‍ രാജ്യങ്ങളിലേക്ക് കടക്കാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ട് രാജ്യാതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഡല്‍ഹി, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളിലെ മാഫിയകളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള അന്തര്‍സംസ്ഥാന ലഹരി സംഘമാണ് കേരളത്തിലേക്ക് എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരക സിന്തറ്റിക് രാസലഹരിയും കഞ്ചാവും കടത്തുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ വേരുകളുള്ള ലഹരിമാഫിയയെ പിടികൂടുന്നതിന് ജില്ലാ പോലിസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എന്‍.ഒ. സിബി, കൊളത്തൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.കെ നൗഷാദ്, കൊണ്ടോട്ടി പൊലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍, ജില്ലാ ക്രൈം ബ്രാഞ്ച് എസ്ഐ നിജീഷ് എന്നിവരും ഡാന്‍സാഫ് അംഗങ്ങളെയും ഉള്‍പ്പെടുത്തി മൂന്ന് സംഘങ്ങള്‍ രൂപീകരിച്ച് ഡല്‍ഹി, നോയിഡ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ചെന്നൈ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഒരാഴ്ചയോളം രഹസ്യാന്വേഷണം നടത്തുകയായിരുന്നു.
അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍
നോയിഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ താവളം കണ്ടെത്തി നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ലഹരി കടത്തുന്ന പുതുവഴികളും രീതിയും അന്വേഷണ സംഘം മനസിലാക്കി. പല കരിയര്‍മാര്‍ മുഖേന വലിയ അളവിലുള്ള ലഹരിമരുന്ന് കേരളത്തില്‍ എത്തിച്ചിരുന്നു.
നോയിഡ, ഡല്‍ഹി, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍നിന്ന് പ്രതികള്‍ ഇത് നിയന്ത്രിച്ചു. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്ന മറ്റ് കണ്ണികളെക്കുറിച്ചുള്ള ലഹരിമരുന്ന് സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പ്രതികള്‍ മലപ്പുറം ജില്ലയിലെ തന്നെ കൊണ്ടോട്ടി, തേഞ്ഞിപ്പലം, കൊളത്തൂര്‍ പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത പല കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പ്രതികള്‍ക്ക് ലഹരി വില്പനയ്ക്കായി പണം വാങ്ങി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ബാങ്ക് അക്കൗണ്ടുകള്‍ നല്കി സഹായിക്കുന്നവര്‍ക്കെതിരേയും ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.
Tags : District News Nattuvishesham Synthetic drug four more arrested