കെ. മുരളീധരൻ
പേരൂർക്കട: രോഗമുക്തി നേടിയവരെ സമൂഹത്തിൽനിന്ന് മാറ്റിനിർത്തുന്നത് ശരിയായ പ്രവണതയല്ലെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. പേരൂർക്കട ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് രോഗമുക്തി നേടിയവരെ പത്തനാപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന്റെ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരിക്കൽ രോഗം ബാധിച്ചു എന്ന കാരണത്താൽ ഒരു മനുഷ്യജീവിയെയും അകറ്റിനിർത്തിക്കൊണ്ടുള്ള സമീപനം പാടില്ല. കൃത്യമായ ചികിത്സയിലൂടെ പൂർണ രോഗമുക്തി നേടിയവരെ ഒപ്പം കൂട്ടുന്നതിനാണ് നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടത്. പത്തനാപുരത്തേക്ക് പോകുന്നവർ എല്ലാവരും ബന്ധുക്കൾ ഉള്ളവരാണെന്നും എന്നാൽ ഇവരെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് ബന്ധുക്കളെ വിളിക്കുമ്പോൾ സോറി റോംഗ് നമ്പർ എന്നാണ് മറുപടി ലഭിക്കുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ലയൺസ് ഡിസ്ട്രിക്റ്റ് 318 എ-യുടെ സഹകരണത്തോടെയാണ് പുനരധിവാസം സാധ്യമാക്കിയത്. മാനസികാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഡിഎംഒ ബിന്ദു മോഹൻ, ആർഎംഒ. ജോൺ സൈമൺ, ആശുപത്രി സൂപ്രണ്ട് പ്രീതി ജെയിംസ്, സൈക്യാട്രി സോഷ്യൽ വർക്കർ ശോഭിത തോപ്പിൽ, ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവർണർ വി. അനിൽകുമാർ, ഗാന്ധിഭവൻ മാനേജിംഗ് ഡയറക്ടർ ശശികുമാർ എന്നിവർ പങ്കെടുത്തു. 49 പേർക്കും മന്ത്രി പുതുവസ്ത്രങ്ങൾ നൽകി.
Tags : District News Nattuvishesham disease K. Muraleedharan