ജപ്പാൻ സന്തോഷ്
ഉള്ളൂർ: മുക്കുവണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ഒരാളെ മെഡിക്കൽ കോളജ് പൊലിസ് പിടികൂടി. വെങ്ങാനൂർ കട്ടച്ചക്കുഴി മംഗലത്ത് കോണം തേരിയിൽ മേലെ വീട് എസ്.കെ ഭവനിൽ ജപ്പാൻ സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാർ (53) ആണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: നിരവധി വഞ്ചന കേസുകളിലെ പ്രതിയാണ് ഇപ്പോൾ പിടിയിലായ സന്തോഷ്. സ്ത്രീകളുമായി പരിചയപ്പെട്ട ശേഷം ഇവരെ മുക്കുപണ്ടം നൽകി വിവിധ ജ്വല്ലറികളിലേക്ക് അയയ്ക്കുകയാണ് സന്തോഷിന്റെ രീതി.
ഇതിനുവേണ്ടി ചില സ്ഥലങ്ങളിൽ ഉള്ള സ്ത്രീകളെ ഇയാൾ പരിചയപ്പെട്ടു വച്ചിട്ടുണ്ട്. തേക്കുംമൂട് ഭാഗത്തെ ഒരു ജ്വല്ലറി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം നടത്തിയത്.
വിവിധ സമയങ്ങളിലായി വ്യാജ വളകൾ ജ്വല്ലറികളിൽ എത്തിച്ച് 10 ലക്ഷം രൂപയോളം തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
ഒരുതവണ ആഭരണം വിൽപ്പന നടത്തുന്നതിന് ഓരോ സ്ത്രീക്കും 5000 രൂപ വീതമാണ് സന്തോഷം നൽകിയിരുന്നത്.
നിലവിൽ ഒരു ജ്വല്ലറി ഉടമ മാത്രമാണ് പരാതി നൽകിയിട്ടുള്ളതെന്നും കൂടുതൽപേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് കരുതുന്നതായും മെഡിക്കൽ കോളജ് പൊലിസ് പറഞ്ഞു. വള്ളക്കടവിലെ ഒരു വീട്ടിൽ നിന്നാണ് പ്രതിയെ പൊലിസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Tags : District News Nattuvishesham imitation jewelry 'Japan Santhosh