പ്രതീകാത്മക ചിത്രം
പുനലൂര്‍: ജീവനക്കാരനെ മര്‍ദിച്ച ശേഷം കടയില്‍നിന്നു 4000 രൂപ മോഷ്ടിച്ച കേസിലെ പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍. മലപ്പുറം, എടവണ്ണ പുള്ളിപ്പാടം, മുണ്ടംപറമ്പത്ത് വീട്ടില്‍ സുധീഷ് (24) ആണ് തെങ്കാശിയില്‍നിന്നു പിടിയിലായത്.
പുനലൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനു സമീപത്തുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തില്‍നിന്നാണ് കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ സുധീഷ് പണം അപഹരിച്ചത്. ജീവനക്കാരനോട് കടയുടമ പറഞ്ഞുവിട്ടതാണെന്ന് അറിയിച്ചുകൊണ്ട് സ്ഥാപനത്തിലുള്ള പണം ആവശ്യപ്പെടുകയായിരുന്നു. വിശ്വാസത്തിനായി സുധീഷിന്റെ ഫോണില്‍നിന്നു ജീവനക്കാരന്റെ ഫോണിലേക്ക് വിളിച്ച് നമ്പര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ സംശയം തോന്നിയ ജീവനക്കാരന് കടയുടെ ഉടമസ്ഥനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇയാളെ മര്‍ദിച്ചവശനാക്കിയ ശേഷം പൈസയുമായി കടന്നു കളയുകയായിരുന്നുവെന്ന വിവരം ലഭിച്ചു.
പൊലീസ് സ്ഥലത്തെത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. പിന്നീട് ഇയാളുടെ ഫോണിലേക്ക് കടയുടമ എന്ന വ്യാജേന പുനലൂര്‍ എസ്ഐ എം.എസ്. അനീഷ് ബന്ധപ്പെടുകയും സൈബര്‍ സെല്ലിന്റെ സേവനം ഉപയോഗപ്പെടുത്തി ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു.
സുധീഷ് തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലാണെന്ന് മനസിലാക്കിയതോടെ തമിഴ്നാട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തെ വിവരം അറിയിക്കുകയും തെങ്കാശി ബസ്റ്റാന്‍ഡില്‍ ബസ് ഇറങ്ങിയ സമയം ഇയാളെ പിടികൂടുകയായിരുന്നു. മോഷ്ടിച്ചു കൊണ്ടുപോയ പണത്തില്‍ 3900 രൂപ ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews Accused