ക്ലാസെടുക്കുന്നതിനു നിര്‍ബന്ധിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ പരാതി നല്കുന്നു.
ഇരിങ്ങാലക്കുട: വേനലവധിക്ക് ക്ലാസുകൾ പാടില്ലെന്ന വിദ്യാഭ്യാസമന്ത്രിയുടെയും ബാലാവകാശ കമ്മീഷന്റെയും നിര്‍ദേശങ്ങള്‍ ധിക്കരിച്ച് ക്ലാസെടുക്കുന്നതിനു നിര്‍ബന്ധിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്ന് കെപിഎസ്ടിഎ ഇരിങ്ങാക്കുട വിദ്യാഭ്യസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സ്കൂളുകളില്‍ എട്ടാംക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ഓള്‍പ്രമോഷന്‍ ആണെന്നിരിക്കെ അധിക പിന്തുണാക്ലാസുകളെന്ന പേരില്‍ നടത്തുന്ന പ്രഹസനക്ലാസുകള് കുട്ടികളുടെയും അധ്യാപകരുടെയും വേനലവധി കവര്‍ന്നെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കെപിഎസ്എ വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ആരോപിച്ചു.
നിയമവിരുദ്ധമായ അവധിക്കാലത്തെ ക്ലാസുകള്‍ ബഹിഷ്കരിക്കുകയാണന്നറിയിച്ച് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്കും വിദ്യാഭ്യാസ ജില്ലക്കു കീഴിലുള്ള നാല് ഉപജില്ലാ ഓഫീസര്‍മാര്‍ക്കും കെപിഎസ്ടിഎ ഭാരവാഹികള്‍ കത്തു നല്കി.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി. ബിജു യോഗം ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് പ്രവീണ്‍ എം. കുമാര്‍ അധ്യക്ഷതവഹിച്ചു. റവന്യു ജില്ലാ പ്രസിഡന്റ് സി.ജെ. ദാമു മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഷിജി ശങ്കര്‍, കെ.വി. സുശീല്‍, പി.യു. രാഹുല്‍, ഡിജോ എസ്. തറയില്‍ എന്നിവര്‍ പ്രസംഗിച്ചു.