പ്രതീകാത്മക ചിത്രം
തൃശൂർ: പീച്ചി മേഖലയിൽ വീണ്ടും ഭൂമിക്കടിയിൽനിന്നു വലിയ മുഴക്കം കേട്ടെന്നു നാട്ടുകാർ. ബുധനാഴ്ച രാവിലെയുണ്ടായ പ്രകന്പനത്തിനു പിന്നാലെ രാത്രി 11.17നു പീച്ചി ഡാമിനോടു ചേർന്നുള്ള പള്ളിക്കുന്ന്, തെക്കേക്കുളം, ജണ്ടമുക്ക് എന്നീ പ്രദേശങ്ങളിലാണു പ്രകന്പനം. ഭൂമിക്കടിയിൽനിന്ന് ഉച്ചത്തിലുള്ള മുഴക്കത്തോടൊപ്പം നേരിയ വിറയലും അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
രാത്രിയിലെ പ്രകന്പനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ചയുണ്ടായ പ്രകന്പനത്തിൽ ഇരുപതോളം വീടുകൾക്കു വിള്ളലുണ്ടായി. അണക്കെട്ടിന്റെ 200 മീറ്റർ മാത്രം അകലെയുള്ള പള്ളിക്കുന്നിലാണ് കൂടുതൽ നാശം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
വിശദമായ പഠനത്തിന് കത്തുനൽകി: കളക്ടർ
തൃശൂർ: പീച്ചിയിൽ ഭൂമിക്കടിയിൽനിന്ന് അസാധാരണ മുഴക്കമുണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ വിശദമായ പഠനത്തിനു സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിക്കു കത്തു നൽകിയെന്നു ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ. പ്രദേശത്തു കൂടുതൽ സീസ്മോഗ്രാഫുകൾ സ്ഥാപിക്കാനും ആവശ്യപ്പെട്ടു.
തുടർചലനമുണ്ടായാൽ നാട്ടുകാർ എന്തു ചെയ്യണമെന്നതു വിശദീകരിക്കുന്ന ലഘുലേഖ വിതരണം ചെയ്യണമെന്നു പഞ്ചായത്ത്, വില്ലേജ് അധികൃതരോടും നിർദേശിച്ചു. പ്രദേശത്തു സന്ദർശനം നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു അവർ.
വിള്ളൽ സംഭവിച്ച വീടുകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടു സർക്കാരിനു കത്തു നൽകിയെന്നും കളക്ടർ അറിയിച്ചു.
Tags : Local News Nattuvishesham Peechy