പാലമേൽ പഞ്ചായത്തിലെ കാർഷിക വിപണി.
ചാരുംമൂട്: പാടങ്ങളും പറമ്പുകളും പൂക്കളുംകൊണ്ട് സമ്പന്നമായ ഓണാട്ടുകര പ്രദേശം പ്രൗഢഗംഭീരമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. ഓണച്ചന്തകളും കാർഷിക വിളവെടുപ്പുകളും സജീവമാകുന്നതോടെ നാടാകെ ഉത്സവത്തിമിർപ്പിലാണ്. ഓണത്തെവരവേൽക്കാനായി ഓണാട്ടുകരയിലെ കാർഷിക വിപണികൾ സജീവമായി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഓണസദ്യയൊരുക്കാൻ ടൺ കണക്കിനു പച്ചക്കറികളാണ് ചാരുംമൂട് കൃഷി അസി. ഡയറക്ടർ ഓഫീസിന്റെ പരിധിയിൽനിന്നുള്ള വിപണികളിൽനിന്ന് കയറ്റിയയ്ക്കുന്നത്. പാലമേൽ, നൂറനാട്, താമരക്കുളം, ചുനക്കര, വള്ളികുന്നം, ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്തുകളാണ് ഓഫീസിന്റെ പരിധിയിൽ വരുന്നത്. ഓണവിപണി ലക്ഷ്യമാക്കി 350 ഹെക്ടറിലാണ് കൃഷിയിറക്കിയിരുന്നത്. ഇതിൽ ഭരണിക്കാവ് ഗ്രാമ പഞ്ചായത്തിൽ മാത്രമാണ് പച്ചക്കറിക്കൃഷി കുറവുള്ളത്.
നാടൻ കാർഷിക വിഭവങ്ങളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇതോടൊപ്പം മറ്റു കാർഷിക വിഭവങ്ങളും വിപണികളിലെത്തിക്കുന്നുണ്ട്. കൃഷിവകുപ്പിന്റെ മേൽനോട്ടത്തിലുള്ള എ ഗ്രേഡ് ക്ലസ്റ്റർ ലേലവിപണികളാണ് പാലമേൽ, താമരക്കുളം, വള്ളികുന്നം, ചുനക്കര, നൂറനാട് പഞ്ചായത്തുകളിലുള്ളത്. ഇതുകൂടാതെ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ (വിഎഫ്പിസികെ) നേതൃത്വം നൽകുന്ന സ്വാശ്രയ കർഷക വിപണികൾ തത്തംമുന്നയിലും കണ്ണനാകുഴിയിലും താമരക്കുളത്തും പ്രവർത്തിക്കുന്നുണ്ട്. കർഷകരിൽനിന്നു മികച്ച വിലനൽകിയാണ് വിപണികളിൽ പച്ചക്കറികളും കാർഷികവിഭവങ്ങളും സംഭരിക്കുന്നത്. ഏത്തയ്ക്ക, ചേന, ചേമ്പ്, ഇഞ്ചി, മത്തൻ, വെള്ളരി, പടവലം, തടിയൻ കായ, കുമ്പളങ്ങ, സാലഡ് വെള്ളരി, പയർ, പാവൽ എന്നിവയാണ് പ്രധാനമായും വിപണികളിലെത്തുന്നത്.
വിവിധ ബ്ലോക്കുകളിലേക്കും ഹോർട്ടികോർപ്പിന്റെ സംഭരണകേന്ദ്രങ്ങളിലേക്കുമാണ് പച്ചക്കറികൾ കയറ്റിവിടുന്നത്. വരുംദിവസങ്ങളിലും പച്ചക്കറിസംഭരണം തുടരും. നൂറനാട്, പാലമേൽ പഞ്ചായത്തുകളിലെ കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കുന്നതിനാണ് വിഎഫ്പിസികെയുടെ സഹകരണത്തോടെ തത്തംമുന്ന സ്വാശ്രയ കർഷകവിപണി പ്രവർത്തിക്കുന്നത്. ഓണത്തിനായി ഇവിടേക്ക് പച്ചക്കറികളും ഏത്തക്കുലകളും ധാരാളം എത്തിക്കൊണ്ടിരിക്കുന്നു. സമിതിയിലെ അംഗങ്ങളായ കർഷകരിൽനിന്ന് ഉത്പന്നങ്ങൾ മികച്ച വിലനൽകിയാണ് സംഭരിക്കുന്നത്. പൊതുവിപണി വിലയെക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഉപഭോക്താക്കൾക്കു ലഭ്യമാക്കുന്നത്.
Tags : Agricultural markets NattuVishasham DistrictNews