തിരുവനന്തപുരം: മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരനും തിരക്കഥാകൃത്തും ജ്ഞാനപീഠം ജേതാവുമായ എം.ടി. വാസുദേവന്‍ നായരുടെ സാഹിത്യ, സാംസ്കാരിക, ചലച്ചിത്ര പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമായി 5.5 ലക്ഷം രൂപയുടെ പുരസ്കാരവുമായി ആള് കേരള കോളജസ് അലുമിനി ഫോറം (എകെസിഎഎഫ്). ഇതിനായി എകെസിഎഎഫ് ലിറ്റററി ആന്‍ഡ് കള്‍ചറല്‍ ഫൗണ്ടേഷന് രൂപീകരിച്ചതായി എകെസിഎഎഫ് ഇവന്റ്സ് യുഎഇ ചീഫ് പേട്രണും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാനുമായ ഡോ. ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അറിയിച്ചു. ദുബായിലും തിരുവനന്തപുരത്തും ആസ്ഥാനങ്ങളുള്ള ഈ ഫൗണ്ടേഷന് എംടിയുടെ സ്മരണ നിലനിര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്.
ഫൗണ്ടേഷന്റെ പ്രധാന പദ്ധതിയായാണ് എംടി-എകെസിഎഎഫ് ലൈഫ് ടൈം എക്സലന്‍സ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. സാഹിത്യം, സിനിമ, മാധ്യമപ്രവര്‍ത്തനം, കല, സംസ്കാരം എന്നീ മേഖലകളില്‍ അസാധാരണ സംഭാവനകള്‍ നല്കിയ വ്യക്തികളെ ആദരിക്കുന്നതിനുള്ള ഈ പുരസ്കാരത്തിന് 5.5 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും പ്രത്യേകമായി രൂപകല്പന ചെയ്ത ശില്പവും സമ്മാനമായി നല്‍കും. ആദ്യവര്‍ഷത്തില്‍ മലയാള സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം നല്‍കുന്നത്.
മലയാള സാഹിത്യ, സാംസ്കാരിക രംഗത്തെ ഏറ്റവും ഉയര്‍ന്ന തുകയുള്ള പുരസ്കാരങ്ങളില് ഒന്നായി ഇതു മാറുമെന്നും ഇന്ത്യന്‍ പ്രാദേശിക സാഹിത്യസാംസ്കാരിക മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ അംഗീകാരങ്ങളിലൊന്നായിരിക്കും ഇതെന്നും ഡോ. ഐസക് ജോണ്‍ പറഞ്ഞു. ജനപങ്കാളിത്തവും പ്രഫഷണല്‍ മികവും ഒരുപോലെ ഉറപ്പാക്കുന്ന മൂന്നു ഘട്ടങ്ങളുള്ള രീതിയിലായിരിക്കും പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുക.
സാഹിത്യം, സിനിമ, കല എന്നിവയുമായി ദീര്‍ഘകാല ബന്ധം സൃഷ്ടിക്കുന്ന നിരവധി പദ്ധതികള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുമെന്നും ഡോ. ഐസക് അറിയിച്ചു. എകെസിഎഎഫ് ഇവന്റ്സ് യുഎഇ ട്രഷററും വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റിജിയണ്‍ ട്രഷററുമായ ജൂഡിന് ഫെര്‍ണാണ്ടസ്, എകെസിഎഎഫ് ലിറ്റററി ക്ലബ് കോ-ഓര്‍ഡിനേറ്ററും വേള്‍ഡ് മലയാളി കൗണ്‍സില്‍ അജ്മാന് പ്രോവിന്‍സ് പ്രസിഡന്റുമായ അജിത് കണ്ടല്ലൂര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.