കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താനായി സിപിഎം പാർട്ടി കീഴ്ഘടകമായ ബ്രാഞ്ചുകളിലെ അവലോകനങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. ബ്രാഞ്ച് അവലോകനങ്ങൾ പൂർത്തിയാകുന്നതോടെ പാർട്ടി അനുഭാവി ഗ്രൂപ്പുകളുടെ യോഗങ്ങളും വിലയിരുത്തലും നടത്തും.
സംസ്ഥാനത്ത് ആകെയുള്ള 38,426 ബ്രാഞ്ച് കമ്മിറ്റികളാണുള്ളത്. ബ്രാഞ്ച് അവലോകന യോഗങ്ങള്‍ ഈ മാസം പകുതിയോടെ പൂർത്തിയാക്കാനാണ് തീരുമാനം. ഇതിനു പിന്നാലെയാണ് അനുഭാവി ഗ്രൂപ്പ് യോഗങ്ങൾ ചേരുക. പാർട്ടി അനുഭാവികൾ, അഭ്യുദയകാംക്ഷികൾ, പാർട്ടി അംഗത്വമില്ലാത്ത യുവജന സംഘടനാ അംഗങ്ങൾ, വിദ്യാർഥി സംഘടനയിലുള്ളവർ, പ്രത്യക്ഷത്തിൽ പാർട്ടിയുമായി ബന്ധമില്ലാത്ത വിവിധ സംഘടനയിലുള്ളവർ, പാർട്ടി അനുഭാവമുള്ള സർക്കാർ ജീവനക്കാർ എന്നിവരാണ് പ്രധാനമായും അനുഭാവി ഗ്രൂപ്പ് യോഗങ്ങളിൽ പങ്കെടുക്കുക.
ഏരിയാ, ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റികളിൽനിന്നുള്ള നിർദേശങ്ങൾ ക്രോഡീകിരിച്ച് ജില്ലാ കമ്മിറ്റിക്ക് ലഭിക്കുന്ന റിപ്പോർട്ട് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയിലേക്ക് അയക്കും. കീഴ്ഘടകങ്ങളുടെ ക്രോഡീകരിച്ച റിപ്പോർട്ടുകൾ പരിശോധിച്ച് ചർച്ച ചെയ്യാൻ മാത്രം ഈ മാസം അവസാനം സംസ്ഥാന കമ്മിറ്റിയോഗം വിളിച്ചു ചേർക്കും. കീഴ്ഘടക അവലോകനങ്ങളിൽ അനാവശ്യ ചർച്ചകളും വ്യക്തിപരമായുള്ള കുറ്റപ്പെടുത്തലുകളും ഒഴിവാക്കണമെന്ന് നേതൃത്വം നിർദേശിച്ചിരുന്നു.
എന്നാൽ കണ്ണൂർ ജില്ലയിലടക്കം ബ്രാഞ്ച് അവലോകനത്തിലും സംസ്ഥാന സെക്രട്ടറിയുൾപ്പെടെയുള്ളവരുടെ പേരുകൾ എടുത്തു പറഞ്ഞായിരുന്നു വിമർശനങ്ങളുയർന്നത്. പാർട്ടിയുടെ ജനകീയ അടിത്തറ തകർന്നുവെന്നും ഇതിനുകാരണം ജനങ്ങളുമായി ബന്ധമില്ലാത്ത നേതൃത്വമാണെന്നും കണ്ണൂരിലെ ഒരു ബ്രാഞ്ച് വിമർശിച്ചു. പാർട്ടിയുടെ ശക്തി കേന്ദ്രമായ സ്ഥലത്തെ ബ്രാഞ്ച് യോഗത്തിൽ എം.വി. ഗോവിന്ദൻ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറണമെന്നു വരെ ആവശ്യമുയർന്നു.
ഘടകകക്ഷിയായ സിപിഐക്കെതിരെയും ആർജെഡിക്കെതിരെയും വിമർശനം ഉയർന്നു. എൽഡിഎഫ് ചരിത്രത്തിലിന്നോളമില്ലാത്ത പരാജയം രുചിച്ചിട്ടും പരസ്യ പ്രതികരണം നടത്തുന്ന സിപിഐ മുന്നണിയെ കൂടുതൽ സമ്മർദത്തിലാക്കുകയാണ്. നേരത്തെ യുഡിഎഫിലേക്ക് ചേക്കേറി തിരിച്ചു വന്ന ആർജെഡിയിലെ പലർക്കും ഇപ്പോഴും യുഡിഎഫ് മനസാണെന്നായിരുന്നു മറ്റൊരു കുറ്റപ്പെടുത്തൽ.
Tags : nattu vishesham CPM branch reorganizations