സംഘാടകസമിതി രൂപീകരണയോഗം കെ.കെ. വത്സരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പള്ളിവളവ്: അഖിലകേരള അണ്ടർ 19 വോളിബോൾ ടൂർണമെന്റ് മതിലകത്തു നടക്കും. ഓഗസ്റ്റ് 28, 29, 30 തീയതികളിൽ മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, കാതിക്കോട് അൽ അഖ്സ പബ്ലിക് സ്കൂൾ, കാതിക്കോട് ജവഹർ ലൈബ്രറി ഗ്രൗണ്ട് എന്നിവിടങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ 28 ടീമുകൾ പങ്കെടുക്കും.
കോസ്മോസിന്റെ ആതിഥേയത്വത്തിൽ മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഘാടകസമിതി രൂപീകരണയോഗത്തിൽ കായികവകുപ്പുമന്ത്രി ഒ.ജെ. ജനീഷ് മുഖ്യരക്ഷാധികാരിയും കെ.കെ. വത്സരാജ് എംഎൽഎ ചെയർമാനും ഹംസ വൈപ്പിപാടത്ത് ജനറൽ കണ്‍വീനറും മുൻ എംഎൽഎ ഇ.ടി. ടൈസണ്‍ ചീഫ് കോ-ഓർഡിനേറ്ററുമായി സംഘാടകസമിതി രൂപീകരിച്ചു.
വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. സംഘാടകസമിതി രൂപീകരണയോഗം കെ.കെ. വത്സരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോസ്മോസ് പ്രസിഡന്റ് വി.കെ. മുജീബ്റഹ്മാൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ഇ.ടി. ടൈസണ്‍, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേശ്ബാബു, സ്കൂൾ മാനേജർ ഫാ. ജോണ്സണ് റോച്ച, സെക്രട്ടറി സാലി ലൂയിസ്, കോ-ഓഡിനേറ്റർ ഹംസ വൈപ്പിപാടത്ത്, സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് സാംബശിവൻ, സി.എസ്. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.