ഭൂമിതട്ടിപ്പിനിരയായ സുബ്രഹ്മണ്യൻ എന്ന വയോധികൻ സെക്രട്ടേറിയറ്റ് പടിക്കൽ ആത്മഹത്യക്ക് ശ്രമിച്ചത് പൊലിസ് തടഞ്ഞപ്പോൾ.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ വയോധികന്റെ ആത്മഹത്യാശ്രമം. കാട്ടായിക്കോണം സ്വദേശിയായ സുബ്രഹ്മണ്യനാണ് (76) സ്റ്റാച്യുവിലെ ബസ് സ്റ്റോപ്പിന് സമീപം ദേഹത്ത് പെട്രോളൊഴിച്ച് സ്വയം ജീവനൊടുക്കാൻ ശ്രമിച്ചത്. പെട്രോൾ ഒഴിച്ച് ലൈറ്റർ കത്തിക്കാൻ ശ്രമിക്കവെ സമീപത്തുണ്ടായിരുന്ന കാൽനടയാത്രക്കാരിയായ സ്ത്രീയും മറ്റുള്ളവരും ചേർന്ന് ഇയാളെ തടയുകയായിരുന്നു. തുടർന്ന് പൊലിസും നാട്ടുകാരും ഇടപെട്ട് ലൈറ്റർ പിടിച്ചുവാങ്ങി വയോധികനെ രക്ഷപ്പെടുത്തി.
ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട കടബാധ്യതകളാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് കന്റോൺമെന്റ് പൊലിസ് അറിയിച്ചു. വായ്പ എടുക്കാനായി രേഖകൾ വാങ്ങിയ ശേഷം സമീപവാസി തന്റെ ഭൂമി തട്ടിയെടുത്തതായി ഇദ്ദേഹം ആരോപിക്കുന്നു. ഒരു ലക്ഷം രൂപയ്ക്കായി നൽകിയ വായ്പ നിലവിൽ 12 ലക്ഷം രൂപയായി എന്നാണ് ഇദ്ദേഹം പറയുന്നത്. കാട്ടായിക്കോണം വാർഡിൽ മങ്ങാട്ടുകോണത്ത് 20 വർഷമായി താമസിക്കുന്ന തമിഴ് വംശജനാണ് സുബ്രഹ്ണ്യൻ.
Tags : Debt Burden suicide NattuVishesham DistrictNews