ആലുവ: നടപ്പാതയിലേക്ക് കയറ്റി സ്ഥാപിച്ച വ്യാപാര സ്ഥാപനങ്ങളുടെ നെയിം, പരസ്യ ബോർഡുകൾ നീക്കാനുള്ള പൊതുമരാമത്ത് വകുപ്പ്, ആലുവ നഗരസഭ ഉദ്യോഗസ്ഥരുടെ ശ്രമം വ്യാപാരികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് താത്കാലികമായി നിർത്തിവെച്ചു. വ്യാപാര സംഘടനകളുടെ പ്രത്യേക യോഗം വിളിച്ചു ചേർത്ത് ചർച്ച ചെയ്ത ശേഷം ശേഷം തുടർനടപടികൾ ആരംഭിക്കാമെന്ന ധാരണയിലാണ് നിർത്തിവച്ചത്.
ഇന്നലെ രാവിലെ 11 ഓടെ ആലുവ റെയിൽവേ സ്റ്റേഷൻ കവാടത്തിന് മുന്നിലുള്ള വ്യാപാരശാലകളിൽ നിന്നാണ് ബോർഡുകൾ മാറ്റിത്തുടങ്ങിയത്. എന്നാൽ ആലുവ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾ സംഘടിച്ച് പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ ഉദ്യോഗസ്ഥർ നടപടികൾ നിർത്തിവെക്കാൻ നിർബന്ധിതരാവുകയായിരുന്നു.
ഇതിനിടെ വ്യാപാര സംഘടനാ നേതാക്കൾ തമ്മിലും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. കഴിഞ്ഞ ജൂൺ 10 ന് പൊളിച്ചുമാറ്റൽ നോട്ടീസ് നൽകിയതാണെന്നും ഒരു സംഘടനയും ഇന്നലെ വരെ ഇടപെട്ടില്ലെന്നും ഉദ്യോഗസ്ഥ പറഞ്ഞു. ആലുവ നഗരത്തിൽ 110 കടകൾക്കാണ് അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു കളയാൻ നോട്ടീസ് നൽകിയത്. ആലുവ നഗരസഭയാണ് നിർമ്മാണങ്ങൾ പൊളിച്ചു കളയേണ്ടത്. ഇതിനിടയിൽ ആലുവ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലെ കടകൾ സ്വമേധയ ബോർഡുകൾ, പ്രദർശന വസ്തുക്കൾ അഴിച്ചു മാറ്റി.
സ്വന്തം കെട്ടിടത്തിന് മുൻവശത്ത് മറ്റാർക്കും തടസ്സമില്ലാത്ത രീതിയിൽ സ്ഥാപിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ വരെ അനധികൃത നിർമ്മാണമെന്ന പേരിൽ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു. കടുത്ത സാമ്പത്തിക മാന്ദ്യമാണ് വ്യാപാര സ്ഥാപനങ്ങളിൽ അനുഭവിക്കുന്നത്. ഇതിനിടയിൽ വ്യാപാരികളെ ആലുവ നഗരസഭയും പൊതുമരാമത്ത് വകുപ്പും ദ്രോഹിക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. നടപടികൾ പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആലുവ ടൗൺ യൂണിറ്റ് ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Ernakulam