വായനയിൽ ഏർപ്പെട്ടിരിക്കുന്ന ദേവനാരായണൻ. (ഇൻസെറ്റിൽ ദേവനാരായണൻ)
നടവയല്‍: വായന വാരാചരണത്തോടനുബന്ധിച്ച് നടവയല്‍ സെന്റ് തോമസ് എല്‍പി സ്കൂള്‍ ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡിന് അര്‍ഹനായ ദേവനാരായണന് ഒരു അധ്യയന വര്‍ഷത്തില്‍ വായിച്ചുതീര്‍ത്തത് 136 പുസ്തകങ്ങള്‍.
നടവയല്‍ സെന്റ് തോമസ് എല്‍പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവനാരായണന്. ഇഷ്ടപ്പെട്ട പുസ്തകം കഥാസാഗരം. ഇഷ്ടപ്പെട്ട എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായര്‍. അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ദേവനാരായണന് പുസ്തകങ്ങളും വായിച്ചു തുടങ്ങി. ശനി, ഞായര്‍ ദിവസങ്ങളിലും ഒഴിവു സമയങ്ങളിലുമാണ് കൂടുതല്‍ പുസ്തക വായന. ഇതിനോടകം 250 ഓളം പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തു.
നടവയല്‍ സെന്റ് തോമസ് എല്‍പി സ്കൂളില്‍ പ്രശസ്ത സാഹിത്യകാരനും നാടക രചയിതാവുമായ ബാബു ചിറപ്പുറം ഏര്‍പ്പെടുത്തിയ അവാര്‍ഡില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹനായത് ദേവനാരായണനാണ്.
പുസ്തകങ്ങള്‍ വായിക്കുന്നതോടൊപ്പം അതിന് വായനാക്കുറിപ്പ് എഴുതി തയാറാക്കി അധ്യാപകരെ ഏല്‍പ്പിക്കുന്ന കുട്ടികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരാണ് അവാര്‍ഡിന് അര്‍ഹമാകുന്നത്. കഴിഞ്ഞപത്തുവര്‍ഷമായി വായനാദിനത്തില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുന്ന കുട്ടികള്‍ക്ക് ഈ അവാര്‍ഡ് നല്കിപ്പോരുന്നുണ്ട്.
സ്കൂള്‍ ഉപജില്ല തലങ്ങളില്‍ ക്വിസ് മത്സരങ്ങളിലും ദേവനാരായണന് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. നടവയല്‍ കാവടം മാടമന നാരായണന്റെയും ജ്യോതിഷയുടേയും മകനാണ് നാലാം ക്ലാസ് വിദ്യാര്‍ഥിയായ ദേവനാരായണന്.
Tags : Local News Nattuvishesham Wayanad