ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ കോട്ടയം നഗരസഭാ പരിധിയിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയ പഴകിയ ഭക്ഷണം.
കോട്ടയം: തലക്കറി കഴിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ വ്യാപക പരിശോധനയില്‍ ഒമ്പത് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു.
ഇന്നലെ രാവിലെ നഗരസഭാ പ്രദേശങ്ങള്‍, നാട്ടകം, കുമാരനല്ലൂര്‍ വരെയുള്ള ബാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ 22 ഹോട്ടലുകളിലായിരുന്നു ആരോഗ്യവിഭാഗത്തിന്റെ പരിശോധന. ദിവസങ്ങള്‍ പഴക്കമുള്ള ചോറ്, ന്യൂഡില്‍സ്, വേവിച്ച ബീഫ്, പുളിശേരി, ചിക്കന്‍ കറി, മീന്‍കറി, കുഴിമന്തി, അച്ചാര്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. ഗന്ധവും നിറവും മാറിയ നിലയിലായിരുന്ന പല ഭക്ഷണങ്ങളും.
ഇവ വീണ്ടും ചൂടാക്കി നല്‍കുകയോ പുതിയ ഭക്ഷണത്തോടൊപ്പം ചേര്‍ത്ത് വിതരണം ചെയ്യുകയോ ചെയ്തിരുന്നതായി പരിശോധനയില്‍ കണ്ടെത്തി.ഒമ്പത് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തെങ്കിലും ഏതൊക്കെ സ്ഥാപനങ്ങളില്‍ നിന്നാണ് ഇവ കണ്ടെത്തിയതെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഇതോടെ നഗരസഭയും ഹോട്ടല്‍ ഉടമകളും തമ്മിലുള്ള ഒത്തുകളിയാണോയെന്ന സംശയം ഉയരുന്നുണ്ട്. പരിശോധനയില്‍ പല ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തി. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കള്‍ പിന്നീട് നശിപ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശന പരിശോധനകളാണ് നടത്തുന്നതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. എല്ലാ ആഴ്ചയും ഹോട്ടലുകള്‍, വഴിയോര ഭക്ഷണശാലകള്‍, രാത്രികാല തട്ടുകടകള്‍ എന്നിവിടങ്ങളില്‍ പരിശോധന തുടരുമെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Tags : Local News Nattuvishesham Kottayam