ചങ്ങനാശേരി വാഴൂര്‍ റോഡില്‍നിന്നു ഫാത്തിമാപുരത്തേക്കുള്ള റെയില്‍വേ ഗുഡ്സ്ഷെഡ് റോഡ് തകര്‍ന്നനിലയില്‍.
ചങ്ങനാശേരി: ചങ്ങനാശേരി നഗരപരിധിയിലുള്ള റെയില്‍വേ ഭൂമിയിലെ റോഡുകള്‍ നന്നാക്കാന്‍ അനുമതിതേടി നഗരസഭ റെയില്‍വേ അധികാരികളെ സമീപിച്ചു. സെന്റ് ആന്‍സ് സ്കൂള്‍ പാവനാശ്രമം റോഡ്, പഴയ ആര്‍എംഎസ് റോഡ്, മോര്‍ക്കുളങ്ങര ലെവല്ക്രോസില്നിന്നും റെയില്‍വേ മേല്‍പ്പാലത്തിലേക്കുള്ള രണ്ടു റോഡുകള്‍, മോര്‍ക്കുളങ്ങര ലെവല്‍ക്രോസ്, ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഗുഡ്സ്ഷെഡ് തുടങ്ങിയ റോഡുകളുടെ നവീകരണത്തിനുള്ള അനുമതിയാണ് നഗരസഭ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ റോഡുകള്‍ തകര്‍ന്നതുമൂലം വാഹനയാത്രയും കാല്നടപ്പും ദുരിതത്തിലാണ്. വാഴൂര്‍ റോഡിനെ ചങ്ങനാശേരി ബൈപാസുമായി ബന്ധിപ്പിക്കുന്ന മോര്‍ക്കുളങ്ങര ലെവല്‍ക്രോസിന്റെ ഇരുവശത്തേക്കുമുള്ള മുപ്പതുമീറ്റര്‍ അപ്രോച്ച് റോഡുകള്‍ ചെളിക്കുളമാകുന്നത് പതിവാണ്. നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന മോര്‍ക്കുളങ്ങര ലെവല്ക്രോസില്നിന്നും റെയില്‍വേ മേല്‍പ്പാലത്തിലേക്കുള്ള രണ്ടു റോഡുകളും അറ്റകുറ്റപ്പണികളില്ലാതെ ചെളിക്കുളമാണ്.
വാഴൂര്‍ റോഡിനെ ഫാത്തിമാപുരവുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ സ്റ്റേഷനു സമീപത്തുകൂടി കടന്നുപോകുന്ന ഗുഡ്സ് ഷെഡ് റോഡും കാലങ്ങളായി അറ്റകുറ്റപ്പണികളില്ലാത്ത നിലയിലാണ്. ഈ റോഡിന്റെ നിര്‍മാണത്തിനായി റെയില്‍വേ അമ്പതുലക്ഷം രൂപ അനുവദിച്ചെങ്കിലും നിര്‍മാണം വൈകുകയാണ്.
ഇതുസംബന്ധിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി, മുനിസിപ്പല്‍ ചെയര്മാന് ജോമി ജോസഫ്, വൈസ് ചെയര്‍പേഴ്സണ്‍ കെ.എം. നെജിയ എന്നിവര്‍ റെയില്‍വേ ഡിവിഷണല്‍ മാനേജരെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തി. റെയില്‍വേ ഭൂമി പോര്‍ട്ടലില്‍ റോഡുകളുടെ എസ്റ്റിമേറ്റ് സമര്‍പ്പിക്കാന്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്കി.
Tags : Local News Nattuvishesham Kottayam