തലയോലപ്പറമ്പ് പഞ്ചായത്ത് 13-ാം വാർഡിൽ പൊതുശ്മശാനം നിർമിക്കാൻ വാങ്ങിയ സ്ഥലം.
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പൊതുശ്മശാനം വേണമെന്ന ആവശ്യം ശക്തമായി. മൃതദേഹം സംസ്കരിക്കാൻ മാർഗമില്ലാത്തവർ വൈക്കത്തും എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള പൊതുശ്മശാനങ്ങളിലാണ് പോകുന്നത്. നിർധന കുടുംബങ്ങൾക്ക് ഏറെ ദൂരം ബന്ധുക്കളെയുംകൂട്ടി വാഹനങ്ങളിൽ പോകുന്നത് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു.
പൊതുശ്മശാനം നിർമിക്കാനായി പതിറ്റാണ്ടുകൾക്കു മുമ്പ് പഞ്ചായത്ത് സ്ഥലം വാങ്ങിയിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല. 13-ാം വാർഡിൽ 33 സെന്റ് സ്ഥലമാണ് പഞ്ചായത്ത് വാങ്ങിയത്. ഈ സ്ഥലവും അതിനോടുചേർന്നുള്ള കെപിഎംഎസിന്റെ ഉടമസ്ഥതയിലുള്ള 32 സെന്റ് ഭൂമിയുമാണ് നിലവിൽ ശ്മശാനമായി ഉപയോഗിച്ചുവരുന്നത്. രണ്ട് സ്ഥലങ്ങളിലും പരമ്പരാഗതമായ രീതിയിലാണ് മൃതദേഹം സംസ്കരിക്കുന്നത്.
തലയോലപ്പറമ്പ് ചന്ത പാലത്തിനുസമീപത്തുനിന്ന് വഴിയമ്പലം റോഡിലൂടെയും സ്വകാര്യ ബസ്സ്റ്റാൻഡിൽനിന്ന് കോരിക്കൽ റോഡിലൂടെയും ശ്മശാനത്തിലെത്താം. ശ്മശാനത്തിലേക്ക് എത്താൻ ഗതാഗതസൗകര്യമുണ്ടെങ്കിലും മൃതദേഹം ഇറക്കിവയ്ക്കുന്നതിനോ കർമങ്ങൾ ചെയ്യുന്നതിനോ താത്കാലിക സംവിധാനം പോലും ഇവിടെയില്ല. പഞ്ചായത്ത് മറ്റ് ത്രിതലപഞ്ചായത്ത് സംവിധാനങ്ങളുടെ സഹായത്തോടെ ഇവിടെ ആധുനിക നിലവാരത്തിലുള്ള പൊതുശ്മശാനം നിർമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags : Local News Nattuvishesham Kottayam