കടുത്തുരുത്തി ബൈപാസ് റോഡില്‍ ചുള്ളിതോടിന് കുറുകെയുള്ള പാലത്തിന്റെ ഭാഗം.
കടുത്തുരുത്തി: നിര്‍മാണം പൂര്‍ത്തിയാകുന്ന കടുത്തുരുത്തി ബൈപാസ് റോഡില്‍ തോടുകള്‍ക്കു കുറുകെയുള്ള പാലങ്ങളുടെ വശങ്ങളില് റോഡ് താഴ്ന്നതു പരിശോധിച്ച് അപകടാവസ്ഥ പരിഹരിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ്. കടുത്തുരുത്തിയിലെ പുതിയ ബൈപാസ് റോഡില്‍ ചെറിയ പാലം കയറിയിറങ്ങുന്ന ഭാഗത്ത് വാഹനങ്ങളുടെ നിയന്ത്രണം തെറ്റുന്നതായി മുമ്പ് ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പാലം അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്താണ് പ്രശ്നം. ചുള്ളിതോടിന് കുറുകെ നിര്‍മിച്ച ചെറിയ പാലത്തില്‍ കയറുമ്പോഴാണ് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നത്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ പാലത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ഈ പ്രതിസന്ധിയുണ്ടാകുന്നത്. ചതുപ്പ് പാടം മണ്ണിട്ടുയര്‍ത്തിയാണ് ബൈപാസ് റോഡ് നിര്‍മിച്ചത്. വലിയതോടിനു കുറുകെയും ചുള്ളി തോടിനു കുറുകെയും പാലങ്ങള്‍ നിര്‍മിച്ചാണ് റോഡുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടനം കഴിയും മുമ്പേ കോട്ടയം-എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഭൂരിഭാഗവും ഇപ്പോള്‍ കടന്നുപോകുന്നത് പുതിയ ബൈപാസിലൂടെയാണ്.
പാലത്തിനോടു ചേര്‍ന്ന ഭാഗത്ത് റോഡ് താഴ്ന്നതിനാല്‍ ഇരുചക്ര വാഹനങ്ങളും മറ്റു ചെറുവാഹനങ്ങളും അപകടത്തില്‍ പെടുന്നതായി പരാതി ഉയര്‍ന്നതോടെയാണ് പ്രശ്നത്തില്‍ മന്ത്രി ഇടപെട്ടത്.
പരാതി ഉയര്‍ന്നതോടെ ഉദ്യോഗസ്ഥരോട് സ്ഥലത്ത് പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. റോഡ് താഴ്ന്നിടത്ത് താത്കാലികമായി ടാറിംഗ് നടത്തി ഉയര്‍ത്തിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുന്നതോടെ ഇവിടെ പൂര്‍ണമായി മണ്ണിട്ടുയര്‍ത്തി ടാറിംഗ് നടത്തി അപകടം ഒഴിവാക്കുമെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.
Tags : Local News Nattuvishesham Kottayam