അമരവിള ആരോണ്‍ പാലം
നെയ്യാറ്റിന്‍കര: നൂറിലേറെ വര്‍ഷത്തെ പഴക്കമുള്ള അമരവിള ആരോണ്‍ പാലത്തിലൂടെ ഗതാഗതം കാര്യക്ഷമമല്ലെങ്കിലും പാതയെ ആശ്രയിക്കുന്നവര്‍ കുറവല്ല. പാലത്തിന്റെ അനുബന്ധ പാതയുടെ അരികിലാണ് നെയ്യാറ്റിന്‍കര കാട്ടാക്കട റോഡില്‍ നിന്നും നഗരസഭ ഒഴിപ്പിച്ച വഴിയോര കച്ചവടക്കാര്‍ക്ക് ഇടം നല്‍കിയിട്ടുള്ളത്.
എന്നാല്‍ യാത്രക്കാരേയും ഈ വഴിയോര കച്ചവടക്കാരെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവരെയുമൊ ക്കെ അലട്ടുന്ന വിഷയമാണ് പാലത്തിന്റെ ഇരുവശത്തെയും മാലിന്യക്കിറ്റുകളുടെ സാന്നിധ്യം. രാജഭരണകാലത്ത് നിര്‍മിച്ചതാണ് അമരവിളയില്‍ നെയ്യാറിനു കുറുകെയുള്ള ആരോണ്‍ പാലം. ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ പഴയ പാലത്തിലൂടെയുള്ള ഗതാഗതം ആദ്യം നിയന്ത്രിക്കുകയും പിന്നീട് നിരോധിക്കുകയും ചെയ്തു.
ആരോണ്‍ പാലത്തിനു സമാന്തരമായി നെയ്യാറില്‍ പുതിയ പാലം നിര്‍മിച്ചു. ഇപ്പോഴും പഴയ പാലത്തിലൂടെ ആളുകള്‍ കാല്‍നടയായി സഞ്ചരിക്കുകയും ചെറുവാഹനങ്ങള്‍ കടന്നുപോവുകയും ചെയ്യുന്നുണ്ട്. പാലത്തിനെ ഇന്നലെകളുടെ സാംസ്കാരികമുദ്രയായി കണക്കാക്കി മതിയായ സംരക്ഷണം നല്കി ആകര്‍ഷകമാക്കി നിലനിര്‍ത്തണമെന്ന ആവശ്യം ഇതുവരെയും യാഥാര്‍ഥ്യമായിട്ടില്ല. പാലത്തിന്റെ അനുബന്ധ റോഡില്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ പലപ്പോഴായി പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ പാലത്തിന്റെ കൈവരിയോടു ചേര്‍ന്നും പരിസരത്തുമൊക്കെ കാടും പടര്‍പ്പും പിടിച്ചിട്ടുണ്ട്.
ആരും ശ്രദ്ധിക്കാത്തതിനാല്‍ ഈ പരിസരത്തേയ്ക്ക് മാലിന്യം വലിച്ചെറിയുന്നതും പതിവാണ്. പാലത്തില്‍നിന്ന് താഴേയ്ക്ക് നദിയിലേയ്ക്ക് മാലിന്യം വലിച്ചെറിഞ്ഞ് കടന്നുകളയുന്നവരുമുണ്ടെന്ന് ആക്ഷേപമുയരുന്നു. നെയ്യാറ്റിന്‍കര- കാട്ടാക്കട റോഡില്‍ ലഭിച്ചിരുന്ന തോതിലുള്ള നേട്ടമൊന്നും ഇവിടെയില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. അതേസമയം, ആരോണ്‍ പാലത്തിന്റെ പഴക്കവും പഴയകാല പ്രൗഢിയുമൊക്കെ കണക്കിലെടുത്ത് അവിടെ സൗന്ദര്യവത്കരിച്ചാല്‍ അനുബ്ധ പാതയിലെ കച്ചവടം കേമമാകും.
Tags : Nattuvishesham LocalNews