ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ത്രീകളുടെ സമഗ്ര ആരോഗ്യ പരിപാലനം ലക്ഷ്യമിട്ടുകൊണ്ട് ആവിഷ്കരിച്ച അമി - ഫോർ ദി വുമൺ ഇൻ പദ്ധതിയുടെ ഉദ്ഘാട
തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ത്രീകളുടെ സമഗ്ര ആരോഗ്യ പരിപാലനം ലക്ഷ്യമിട്ടുകൊണ്ട് ആവിഷ്കരിച്ച അമി - ഫോർ ദി വുമൺ ഇൻ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു.
സ്ത്രീകളുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സുരക്ഷിതവും സ്വകാര്യത ഉറപ്പുനൽകുകയും പരിചരണം ഉറപ്പാക്കുന്നതുമായ അമി പദ്ധതി ആരോഗ്യ പരിപാലനരംഗത്ത് വലിയ നാഴികക്കല്ലാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി അഭിപ്രായപ്പെട്ടു.
അത്യാഹിത ഘട്ടങ്ങളിൽ പെട്ടെന്ന് വൈദ്യസഹായം എത്തിക്കുന്നതിനായി ബിലീവേഴ്സ് ആശുപത്രി പുതുതായി ആരംഭിച്ച ബൈക്ക് ആംബുലൻസ് സേവനത്തിന്റെ ഫ്ലാഗ് ഓഫ് കർമവും കെ. മുരളീധരൻ നിർവഹിച്ചു. വർഗീസ് മാമ്മൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജിംഗ് ഡയറക്ടറുമായ ഫാ. സിജോ പന്തപ്പള്ളിൽ, സിസ്റ്റർ ഡോ. ജോബി ജോസ് എന്നിവർ പദ്ധതി വിശദീകരണം നടത്തി.
ചലച്ചിത്ര താരം വീണ നന്ദകുമാർ അമി പദ്ധതിയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ അടങ്ങിയ വീഡിയോ പ്രകാശനം നിർവഹിച്ചു. കൗമാരക്കാരുടെ ആരോഗ്യ സംരക്ഷണം, പ്രതിരോധശേഷി, മാനസിക ആരോഗ്യം, മെനോപോസിന് ശേഷമുള്ള ശാരീരികാവസ്ഥ, സ്തനാർബുദ പരിശോധനയും ചികിത്സയും എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ സേവനങ്ങളാണ് അമി പദ്ധതിക്ക് കീഴിൽ ഒരുക്കിയിട്ടുള്ളത്.
അമി പദ്ധതിയുടെ ആമുഖം ബ്രെസ്റ്റ് ആൻഡ് എൻഡോക്രൈൻ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ അരുണിമാ പൗലോസ് അവതരിപ്പിച്ചു. ഡെപ്യൂട്ടി ഡയറക്ടറും എമർജൻസി വിഭാഗം മേധാവിയുമായ ഡോ. ഷമ്മി ഡഗ്ലസ് ലാമ്പെർട്ട്, ഫാ. തോമസ് വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.