തൊടുപുഴ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിനു സമീപം നടപ്പാതയില് കൂടിക്കിടക്കുന്ന മദ്യക്കുപ്പികള്.
തൊടുപുഴ: നഗരത്തിലെ നടപ്പാതകളില് മദ്യക്കുപ്പികള് ഉള്പ്പെടെയുള്ള മാലിന്യം തള്ളുന്നത് കാല്നടയാത്ര ദുഃസഹമാക്കുന്നു. സാമൂഹ്യവിരുദ്ധരാണ് നടപ്പാതകളില് മദ്യക്കുപ്പികളും മറ്റും തള്ളുന്നത്. സന്ധ്യ കഴിഞ്ഞാല് ഇതരസംസ്ഥാന തൊഴിലാളികള് ഉള്പ്പെടെയുള്ളവര് മദ്യക്കുപ്പികളും മറ്റുമായി പാതയോരത്തും ആളൊഴിഞ്ഞ ഇടങ്ങളിലും തമ്പടിക്കുന്നത് പതിവു കാഴ്ചയാണ്.
തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില് പുളിമൂട്ടില് ജംഗ്ഷന് മുതല് റോട്ടറി ജംഗ്ഷന് വരെയുള്ള നടപ്പാതയിലാണ് പലയിടത്തും മദ്യക്കുപ്പികള് ഉപേക്ഷിച്ചിരിക്കുന്നത്. റെസ്റ്റ് ഹൗസിനു മുന്നില് പാതയോരത്താണ് മദ്യക്കുപ്പികള് കൂടിക്കിടക്കുന്നത്. അമ്പലം റോഡ് മുതല് എപിജെ ഹയര് സെക്കന്ഡറി സ്കൂള് വരെയുള്ള ഭാഗത്തും പാതയോരത്ത് മദ്യക്കുപ്പികളോടൊപ്പം മാലിന്യങ്ങളും തള്ളുന്നുണ്ട്.
ഇവിടെയുള്ള പഴയ വെയിറ്റിംഗ് ഷെഡ് ഇപ്പോള് സാമൂഹ്യവിരുദ്ധകേന്ദ്രവും മാലിന്യനിക്ഷേപ കേന്ദ്രവുമാണ്. ഇതിനു സമീപം മിനി എംസിഎഫ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനു സമീപത്തായാണ് പ്ലാസ്റ്റിക് ഉള്പ്പെടെ തള്ളുന്നത്. വിദ്യാര്ഥികള് ഉള്പ്പെടെ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. റെസ്റ്റ് ഹൗസിനു സമീപം നടപ്പാതയിലേക്ക് ഇരുചക്ര വാഹനങ്ങള് കയറ്റി പാര്ക്കു ചെയ്യുന്നതുമൂലം കാല്നടയാത്ര ബുദ്ധിമുട്ടാകുന്നതായും പരാതിയുണ്ട്. പോലീസും നഗരസഭാ അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര് ആവശ്യപ്പെട്ടു.