പണി പൂർത്തിയാകുന്ന തുറവൂർ-അരൂർ ഉയരപ്പാത.
തുറവൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം അവസാനഘട്ടത്തിലേക്ക്. രാജ്യത്തെ ഏറ്റവും നീളംകൂടിയ എലിവേറ്റഡ് ഹൈവേ സെപ്റ്റംബറോടെ പൊതുജനത്തിന് തുറന്നുകൊടുക്കും രണ്ടാംഘട്ടമായി അരൂർ മുതൽ ഇടപ്പള്ളി വരെയുള്ള ഉയരപ്പാത നിർമാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. ഇതോടെ വൻ വികസനക്കുതിപ്പാണ് ഈ മേഖലയിൽ ഉണ്ടാകാൻ പോകുന്നത്.
27 മീറ്റർ വീതിയുള്ള ദേശീയപാതയ്ക്കു മുകളിൽ ഒറ്റ തൂണുകളിൽ 24.5 മീറ്റർ വീതിയുള്ള ആറുവരിപ്പാതയാണ് ഒരുങ്ങുന്നത്. ആകെ 354 തൂണുകളാണ് പാതയ്ക്കായി സ്ഥാപിച്ചത്. നിർമാണം പൂർത്തീകരിച്ച ഭാഗങ്ങളിൽ ടാറിംഗ് പുരോഗമിക്കുകയാണ്.
നിലവിൽ അരൂരിലും തുറവൂരിലും ഉയരപ്പാതയെ താഴേക്ക് ബന്ധിപ്പിക്കുന്ന നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. തുറവൂർ ജംക്ഷനിൽനിന്ന് 350 മീറ്റർ അപ്രോച്ച് റോഡ് മണ്ണിട്ടുയർത്തി നിർമിക്കുകയായിരുന്നു ആദ്യ ഡിസൈൻ.
എന്നാൽ, ഇങ്ങനെ വന്നാൽ തുറവൂർ ജംഗ്ഷനിലെ വികസനം ഇല്ലാതാകുമെന്ന പരാതിയെത്തുടർന്ന് പില്ലറിൽ തന്നെ റോഡ് നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഉയരപ്പാതയുടെ ഈ ഭാഗത്തിന്റെ നീളം 480 മീറ്ററായി വർധിപ്പിച്ചു. ഇതോടെ 12.75 കിലോ മീറ്റർ ഉയരപ്പാത 13 കിലോ മീറ്ററായി.
ആലയ്ക്കാപറമ്പിൽ തുടങ്ങി അരൂരിൽ അവസാനിക്കുന്ന ഉയരപാതയുടെ അരൂർ ജംഗ്ഷൻ മുതൽ തുറവൂർ ജംഗ്ഷൻ വരെയുള്ള പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഇനി അരൂർ കവലയിലെയും തുറവൂർ ജംഗ്ഷനിൽനിന്ന് ആലയ്ക്കാപറമ്പ് വരെയുള്ള ഭാഗങ്ങളിലെയും ജോലിയാണ് പൂർത്തിയാകാനുള്ളത്.
അരൂർ- തുറവൂർ ഉയരപ്പാത നിർമാണം ഒന്നാം റീച്ചിൽ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിച്ച് വാർക്കൽ പൂർത്തിയാക്കി. രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയായ ഇതിന്റെ നിർമാണത്തിന്റെ 90 ശതമാനം ജോലികളും ഉദ്ദേശിച്ചതിലും വേഗത്തിലാണ് പൂർത്തിയായത്. ഉയരപ്പാതയോടൊപ്പം തന്നെ താഴെയുള്ള ദേശീയപാതയുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിക്കുന്നു.
ഇരുവശങ്ങളിലുമുള്ള ഓടനിർമാണമാണ് പൂത്തിയാകാനുള്ളത്. തുറവൂർ മുതൽ കുത്തിയതോട് വരെയുള്ള ഭാഗങ്ങളിൽ ഓടനിർമാണം ഏറെക്കുറെ പൂർത്തിയായി.
ചില ഭാഗങ്ങളിൽ കൂടി മാത്രമാണ് നിർമാണം പൂർത്തീകരിക്കാനുള്ളത്. നടപ്പാതയുടെ പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ്.
തുറവൂർ- അരൂർ ഉയരപ്പത പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ ഗതാഗത കുരുക്കിനു പരിഹാരമാകും.
Tags : Local News Nattuvishesham Aroor-Thuravoor flyover construction