വീട്ടിൽ വെള്ളം കയറിയതിനേ തുടർന്ന് പെൺകുട്ടിയെ ബിജെപി നേതാവ് വിജയകുമാർ മണിപ്പുഴ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിക്കുന്നു.
തിരുവല്ല: അപ്പർ കുട്ടനാടൻ മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു. തിരുവല്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. എംസി റോഡിൽ തിരുമുലപുരം ജംഗ്ഷനു സമീപം കഴിഞ്ഞ ദിവസങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നെങ്കിലും നിലവിൽ വെള്ളം കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. എന്നാൽ അവിടെ നിന്ന് ഒഴുകിയെത്തുന്ന വെള്ളം അപ്പർ കുട്ടനാട് മേഖലയിലേക്കും എത്തുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുകയും ആശങ്ക വർധിക്കുകയും ചെയ്തിരിക്കുകയാണ്.
സാഹചര്യം രൂക്ഷമായതോടെ വിവിധയിടങ്ങളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വെള്ളംകയറിയ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു. വെള്ളം വീടുകളിൽ നിന്ന് പൂർണമായി ഇറങ്ങാത്തതും ക്യാമ്പുകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതിയും കാരണം ചിലർ ക്യാമ്പുകളിലേക്ക് മാറാൻ മടിക്കുന്നതായും നാട്ടുകാർ പറയുന്നു.
പ്രളയ പ്രതിരോധത്തിന് പുതിയനയം വേണം: പത്തനംതിട്ട ഡിസിസി
പത്തനംതിട്ട: ദുരന്തനിവാരണത്തിൽ നിന്ന് ദുരന്തപ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും ആവർത്തിച്ചുണ്ടാകുന്ന പ്രളയം, പേമാരി ദുരന്തങ്ങൾ ജനജീവിതത്തിനും സമ്പദ്വ്യവസ്ഥയ്ക്കും സൃഷ്ടിക്കുന്ന കനത്ത ആഘാതം കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ പ്രളയ പ്രതിരോധ നയത്തിൽ സമഗ്രമായ മാറ്റം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രി വി.ഡി. സതീശന് വിശദമായ നയരേഖ സമർപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തം ഉണ്ടായശേഷം ദുരിതാശ്വാസം വിതരണം ചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്ന സമീപനം അവസാനിപ്പിച്ച്, ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശാസ്ത്രീയവും ദീർഘകാലാടിസ്ഥാനത്തിലുള്ള സ്ഥിരം സംവിധാനങ്ങൾ സർക്കാർ അടിയന്തരമായി നടപ്പാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകൾ വർഷംതോറും നേരിടുന്ന പ്രളയഭീഷണി കണക്കിലെടുത്ത് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സ്ഥിരം സംവിധാനങ്ങൾ രൂപീകരിക്കണമെന്നാണ് നിവേദനത്തിന്റെ പ്രധാന ആവശ്യം. കേരള പ്രളയ പ്രതിരോധ അഥോറിറ്റി, പമ്പാ നദീതട വികസന അഥോറിറ്റി, എല്ലാ ജില്ലകൾക്കും ഫ്ലഡ് മാസ്റ്റർ പ്ലാൻ, നദികളുടെ ശാസ്ത്രീയ പുനരുജ്ജീവനം, അണക്കെട്ടുകളുടെ ഏകോപിത ജലനിയന്ത്രണം, ആർട്ടിഫിഷൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയ മുൻകൂർ മുന്നറിയിപ്പ് സംവിധാനം, ഓരോ പഞ്ചായത്തിലും ദുരന്ത പ്രതികരണ കേന്ദ്രങ്ങൾ, തണ്ണീർത്തട സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ വികസന നയം,കേരള പ്രളയ പ്രതിരോധ മിഷൻ–2035 പ്രഖ്യാപിക്കൽ എന്നിവ ഉൾപ്പെടെ 25 സ്ഥിരം നയനടപടികളാണ് നിവേദനത്തിൽ നിർദേശിച്ചിരിക്കുന്നത്.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ ഡിസിസി വൈസ് പ്രസിഡന്റുമാരായ അനിൽ തോമസ്, എ. സുരേഷ് കുമാർ എന്നിവരാണ് മുഖ്യമന്ത്രിക്ക് നിവേദനം കൈമാറിയത്.
പ്രളയത്തെ അതിജീവിക്കുന്ന കേരളമല്ല, പ്രളയത്തെ പ്രതിരോധിക്കുന്ന കേരളം സൃഷ്ടിക്കുന്നതിനുള്ള സമഗ്ര നയരേഖയാണ് ഈ നിവേദനമെന്നും സംസ്ഥാന സർക്കാർ ഇത് ഗൗരവപൂർവം പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
Tags : Nattuvishesham Local News water level rises Upper Kuttanad