മരം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റുന്നു.
ഇരിട്ടി: കരിക്കോട്ടക്കരി-എടപ്പുഴ പിഡബ്ള്യുഡി റോഡിൽ ജനങ്ങൾക്ക് ഭീഷണിയായ മരം മുറിച്ചുമാറ്റുന്നതിൽ പൊതുമരാമത്ത് വകുപ്പ് വീണ്ടും കാലതാമസം തുടർന്നപ്പോൾ അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി. കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തിലാണു വഴിയരികിൽ നിന്ന ഉണങ്ങിയ കൂറ്റൻ മരം നാട്ടുകാരുടെ സുരക്ഷ മുൻനിർത്തി അടിയന്തരമായി നീക്കം ചെയ്തത്.
റോഡരികിൽ ഭീഷണിയായ മരത്തിന്റെ ശിഖരങ്ങൾ വർഷങ്ങൾക്ക് മുന്പ് പൊതുമരാമത്ത് വകുപ്പ് മുറിച്ചുമാറ്റിയിരുന്നു. അന്ന് മുറിച്ച ശിഖരങ്ങൾ റോഡിൽ നിന്നും കരാറുകാരൻ മാറ്റിയിരുന്നില്ല. പിന്നീട് നാട്ടുകാർ ഇവ റോഡരികിലേക്കു മാറ്റുകയായിരുന്നു. ശിഖരങ്ങൾ മുറിച്ചതോടെ കൂറ്റൻ തായ്തടി ഉണങ്ങി അപകടാവസ്ഥയിലാവുകയായിരുന്നു. വർഷങ്ങളായി മരം മുറിച്ചുമാറ്റാൻ പരാതിയുമായി ജനങ്ങൾ പഞ്ചായത്തിനെയും പൊതുമരാമത്തു വകുപ്പിനെയും സമീപിക്കുന്നു.
ദിവസേന നിരവധി വാഹനങ്ങളും വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും കടന്നുപോകുന്ന വഴിയിലാണ് മരം നിന്നിരുന്നത്. കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിലും മരം മുറിച്ചു മാറ്റാൻ നിർദേശം നൽകിയിരുന്നു. 40,000 രൂപയാണ് മരം മുറിച്ചുമാറ്റാൻ പൊതുമരാമത്തു വകുപ്പ് കണക്കാക്കിയ തുക. എന്നാൽ മരം മുറിച്ചുമാറ്റാൻ പഞ്ചായത്തിന് ചെലവായത് 5,000 രൂപ മാത്രമാണ്.
മട്ടന്നൂർ: കണ്ണൂർ വിമാനത്താവള റോഡിൽ മഴയിൽ മണ്ണിടിഞ്ഞ് അപകടവസ്ഥയിലായ മരങ്ങൾ മുറിച്ചുനീക്കി. മട്ടന്നൂർ-കണ്ണൂർ വിമാനത്താവള പാതയിൽ കൊതേരി വളവിലെ മൺതിട്ടയിലെ അപകടവസ്ഥയിലായ മരങ്ങളാണു മുറിച്ചുനീക്കിയത്.
മട്ടന്നൂർ-കണ്ണൂർ വിമാനത്താവള പാതയിൽ കൊതേരി വളവിലെ മൺതിട്ടയാണു കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഇടിഞ്ഞത്. ഈ മൺതിട്ടയ്ക്ക് മുകളിലാകട്ടെ വീഴാനായ അവസ്ഥയിലുള്ള അഞ്ചോളം മരങ്ങളുമുണ്ട്. തുടർന്നു പഞ്ചായത്ത് അധികൃതർ കളക്ടറെ സമീപിച്ചപ്പോൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകുകയായിരുന്നു.
ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മരങ്ങൾ അടിയന്തരമായി മുറിച്ചു നീക്കാൻ പൊതുമരാമത്ത് വകുപ്പിനോടും കീഴല്ലൂർ പഞ്ചായത്തിനും നിർദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ അപകടവസ്ഥയിലായ മരങ്ങൾ മുറിച്ചുനീക്കിയത്.
Tags : Nattuvishesham DistrictNews DeepikaNews tree