വിശുദ്ധ ഇഗ്നേഷ്യസ് ലയോള അനുസ്മരണം ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ആത്മീയദര്‍ശനം ഇന്നും സഭയ്ക്കും സമൂഹത്തിനും വഴികാട്ടിയാണെന്നും പ്രാര്‍ഥനയും ആത്മീയചൈതന്യവും സേവനമനോഭാവവും എക്കാലത്തും ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാനശിലകളാണെന്നും ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍.
ഇരിങ്ങാലക്കുട രൂപത സിഎല്‍സി ചാലക്കുടി സെന്റ് മേരീസ് പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ഇഗ്നേഷ്യന്‍ അനുസ്മരണം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. വിശ്വാസജീവിതം അനേകം വെല്ലുവിളികള്‍ നേരിടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ദൈവഹിതം തിരിച്ചറിഞ്ഞ് അതനുസരിച്ച് ജീവിക്കാനുള്ള ആത്മീയ പക്വത ഓരോവിശ്വാസിയും ആര്‍ജിക്കേണ്ടതുണ്ട്.
പ്രാര്‍ഥനയും പ്രവര്‍ത്തനവും സമന്വയിപ്പിച്ച ജീവിതത്തിലൂടെ സമൂഹത്തില്‍ പ്രത്യാശയും സ്നേഹവും പകരാന്‍ സിഎല്‍സി അംഗങ്ങള്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്നും വിശുദ്ധ ഇഗ്നേഷ്യസിന്റെ ആത്മീയ പൈതൃകം പുതിയ തലമുറയ്ക്കു കൈമാറുകയും സഭയുടെ നവീകരണത്തിലും സാമൂഹിക നന്മയ്ക്കുമായി കൂടുതല്‍ സജീവമായി ഇടപെടുകയും ചെയ്യേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
രൂപത ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി അധ്യക്ഷത വഹിച്ചു. ചാലക്കുടി ഫൊറോന വികാരി ഫാ. വര്‍ഗീസ് പാത്താടന്‍ അനുഗ്രഹപ്രഭാഷണം നടത്തി. രൂപത സിഎല്‍സി പ്രസിഡന്റ്് മെല്ബിന് ഫ്രാന്‍സിസ്, ചാലക്കുടി ഫൊറോന പ്രസിഡന്റ് ഫെമിഷ് ഫ്രാന്‍സിസ്, രൂപത ജോയിന്റ്് സെക്രട്ടറി ഫ്ലോറിപ്സ് തോമസ്, ട്രസ്റ്റി തോമസ് പറനിലം, രൂപത ഓര്‍ഗനൈസര്‍ ആന്റണി റെജിന്‍, ചാലക്കുടി ഫൊറോന സിഎല്‍സി അസി. ഡയറക്ടര്‍ ഫാ. സിന്റോ പൊഴോ ലിപ്പറമ്പില്, ദേശീയ സിഎല്‍സി വൈസ് പ്രസിഡന്റ് ഷോബി കെ. പോള്‍, സംസ്ഥാന സോണല്‍ ഓര്‍ഗനൈസര്‍ ബിബിന്‍ പോള്‍, രൂപത സെക്രട്ടറി ഗോഡ്വിന് വര്‍ഗീസ്, ട്രഷറര്‍ അലന് ഡെന്നി, ഇടവക സെക്രട്ടറി ഡൊമിനിക് ജീജോ എന്നിവർ പ്രസം ഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews spiritual vision