എറണാകുളത്തെ സംഘം മംഗലംഡാമിലെ വഞ്ചികൾ പരിശോധിക്കുന്നു.
മംഗലംഡാം: മംഗലംഡാം റിസർവോയറിലൂടെ മറുകരയായ അട്ടവാടിയിലേക്കുള്ള യാത്രാവഞ്ചികൾ തടഞ്ഞ ഡാം എഇയുടെ നടപടിയിൽ ഉന്നതാധികാരികളുടെ പരിശോധന.
പാലക്കാട് ജില്ല ഉൾപ്പെടെ വരുന്ന ഇറിഗേഷന്റെ എറണാകുളത്തുള്ള കനാൽ ഡിവിഷൻ ഓഫീസിൽ നിന്നുള്ള സംഘമാണ് സ്ഥലത്തെത്തി യാത്രാവഞ്ചികൾ പരിശോധിച്ചത്. മറുകരയിലെ ആളുകൾ യാത്രയ്ക്ക് ഉപയോഗിക്കുന്ന അഞ്ചു വഞ്ചികളാണ് സംഘം പരിശോധിച്ചത്.
വഞ്ചികൾക്ക് കേടുപാടുകളോ മറ്റു സുരക്ഷാവീഴ്ചകളോ ഇല്ലെന്ന് സംഘം വിലയിരുത്തി. സെക്്ഷൻ ഓഫീസർമാരായ രഞ്ജിത്ത്, ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്.
ഇനി മറ്റു തടസങ്ങൾ ഇല്ലാത്തതിനാൽ യാത്രാവഞ്ചികൾക്ക് ലൈസൻസ് ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് വിഷയത്തിൽ തത്സമയം ഇടപെട്ടിരുന്ന കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി ജോൺ മാസ്റ്റർ, കിഴക്കഞ്ചേരി പഞ്ചായത്ത് മെംബർ ഷാജു പുളിക്കൻ എന്നിവർ പറഞ്ഞു.
ഈ മാസം എട്ടിനാണ് ഇറിഗേഷന്റെ മംഗലംഡാം അസിസ്റ്റന്റ് എൻജിനിയർ നാട്ടുകാരുടെ യാത്രാവഞ്ചി തടഞ്ഞ് ഉടമക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്. ഇതോടെ മറ്റു യാത്രാമാർഗങ്ങളില്ലാത്ത മറുകരയായ അട്ടവാടിയിലെ ജനങ്ങൾ ബുദ്ധിമുട്ടിലായി.
കുട്ടികൾക്ക് സ്കൂളിലെത്താൻപോലും വഴിയില്ലാത്ത സ്ഥിതിയുണ്ടായി. വിവരമറിഞ്ഞ് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി ജോൺ മാസ്റ്റർ, വാർഡ് മെംബർ ഷാജു പുളിക്കൻ തുടങ്ങിയ നേതാക്കൾ ഇടപ്പെട്ടു.
ജില്ലയിലെ ഇറിഗേഷൻ ആസ്ഥാനമായ ശിരുവാണി പ്രോജക്ട് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയറെ വിളിച്ച് ജനങ്ങളുടെ യാത്രാമാർഗം തടസപ്പെടുത്തരുതെന്നാവശ്യപ്പെട്ടു. ഉടൻ പരിഹാരമുണ്ടാക്കാമെന്ന് സൂപ്രണ്ടിംഗ് എൻജിനിയർ ഉറപ്പുനൽകി.
എന്നാൽ ഉറപ്പുകൾക്കിടെ വീണ്ടും മംഗലംഡാമിന്റെ ചാർജുള്ള അസിസ്റ്റന്റ് എൻജിനിയർ ലൈസൻസ് നടപടികൾ കടുപ്പിച്ച് വഞ്ചിഉടമക്ക് വീണ്ടും നോട്ടീസ് നൽകി.
ഇത് വിഷയത്തിൽ ഇടപ്പെട്ടിരുന്നവരേയും നാട്ടുകാരേയും ഒരുപോലെ പ്രകോപിതരാക്കി.
ഇതേതുടർന്നാണ് ഇപ്പോൾ എറണാകുളത്തു നിന്നുള്ള സംഘത്തിന്റെ അടിയന്തിര പരിശോധനകൾക്ക് കാരണമായിട്ടുള്ളത്. വിഷയത്തിൽ ഉടൻ പരിഹാരമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Tags : NattuVishesham DistrictNews