കര്‍ഷക കോണ്‍ഗ്രസ് നേതാക്കള്‍ കൃഷിമന്ത്രിക്ക് നിവേദനം നല്കിയപ്പോള്.
പുല്‍പ്പള്ളി: കര്‍ണാടക അതിര്‍ത്തിയിലെ കാര്‍ഷിക ഗ്രാമങ്ങളിലെ കാലാവസ്ഥാ വ്യതിയാനം പഠനവിധേയമാക്കി പരിഹാരമുണ്ടാക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയുടെ പടിഞ്ഞാറേ അതിര്‍ത്തികളില്‍ വലിയ അളവില്‍ മഴ ലഭിക്കുമ്പോള്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ തീരെ മഴ കുറവാണ്. എല്ലാത്തരം കൃഷികളേയും പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ്. ഇതിനു പരിഹാരമായി ജലസേചന സംവിധാനങ്ങള്‍ വിപുലപ്പെടുത്തി കൃഷിയിടിങ്ങളില്‍ വെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് കൃഷി മന്ത്രി ടി. സിദ്ദിഖിന് നിവേദനം നല്കി.
വന്യമൃഗശല്യം, കാലാവസ്ഥാ വ്യതിയാനം, കൃഷിരോഗബാധ തുടങ്ങിയ പല കാരണങ്ങളാല്‍ കൃഷിനാശമുണ്ടാകുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, കടാശ്വാസവും കൃഷി പുനരുദ്ധാരണത്തിന് സഹായം നല്‍കണമെന്നും കുരുമുളക് അടക്കമുള്ള കൃഷികള്‍ നടത്താന്‍ പ്രത്യേക പാക്കേജ് ഉണ്ടാക്കണമെന്നും കര്‍ഷകര്‍ക്ക് നടീലിനുള്ള സഹായം നല്കി കുരുമുളക് കൃഷി തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി.എം. കുര്യന് അധ്യക്ഷത വഹിച്ചു. വി.എം. വര്‍ഗീസ്, ജോസ് നാമറ്റം, സുനില്‍ പുലികുത്തി, ബിജു ഓലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Local News Climate change Pulpally area