പ്രതീകാത്മക ചിത്രം
കൽപ്പറ്റ: ജില്ലാതല ഓണം വാരാഘോഷത്തിന്റെ ഭാഗമായി 24 മുതൽ 30 വരെ ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ കൃഷി മന്ത്രി ടി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ ചേർന്ന ആലോചന യോഗത്തിൽ തീരുമാനമായി.
ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിൽ, വിവിധ സർക്കാർ വകുപ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റയിൽ നടക്കും.
ദുരന്തങ്ങളിൽ നിന്നും കരകയറിയ ജില്ലയുടെ വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തും വിധത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓണം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കും. ജില്ലാ, താലൂക്ക്, പ്രാദേശിക തലങ്ങളിൽ പൂക്കള മത്സരങ്ങൾ, വടംവലി ഉൾപ്പെടെയുള്ള മറ്റ് മത്സരങ്ങൾ നടത്തും.
വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ പങ്കെടുക്കാൻ കഴിയുന്ന തരത്തിലായിക്കും ആഘോഷവും മത്സരങ്ങളും. ടൂറിസം കേന്ദ്രങ്ങളിൽ ഏഴ് ദിവസം വൈദ്യുത ദീപാലങ്കാരം സജ്ജീകരിക്കും. വിവിധ സ്ഥലങ്ങളിൽ പ്രാദേശിക കലാകാരൻമാരുടെ പരിപാടികൾ സംഘടിപ്പിക്കും.
കുടുംബശ്രീയുമായി ചേർന്ന് ജില്ലാതല പാരന്പര്യ ഭക്ഷ്യമേള, സംസ്ഥാനതല കയാക്കിംഗ് മത്സരം, ജില്ലാതല മഡ് ഫുഡ്ബോൾ, മഡ് വോളിബോൾ, ജല സാഹസിക യാത്ര എന്നിവ ഓണം വാരാഘോത്തോടനുബന്ധിച്ച് ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കും. ഇതിനുപുറമേ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രാദേശിക ക്ലബ്ബുകളുമായി സഹകരിച്ചും വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.
വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളിൽ റിസോർട്ടുകളുടെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പാക്കും. ആഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് കൃഷി മന്ത്രി ടി. സിദ്ദിഖ്, എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷ വിജയൻ എന്നിവർ രക്ഷാധികാരികളായും ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ചെയർമാനും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിൽ സെക്രട്ടറി കണ്‍വീനറായി സ്വാഗത സംഘം രൂപീകരിച്ചു.
സാംസ്കാരിക പരിപാടികളോടെയുള്ള ഓണം വാരാഘോഷത്തിന്റെ സമാപനം 30ന് ബത്തേരിയിൽ നടക്കും. കളക്ടറേറ്റിൽ ചേർന്ന് ആലോചനാ യോഗത്തിൽ ഉഷ വിജയൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, സബ് കളക്ടർ അതുൽ സാഗർ, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർ, ജനപ്രതിനിധികൾ, വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രതിനിധികൾ, ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham Local News Onam celebrations