തളിപ്പറമ്പ് ടൗണിലെ അപകടക്കുഴിക്ക് സമീപം നാട്ടുകാർ പ്ലാസ്റ്റിക് ബാരിക്കേഡ് സ്ഥാപിച്ച നിലയിൽ.
തളിപ്പറമ്പ്: ദേശീയപാതയിൽ തളിപ്പറമ്പ് കെഎസ്ഇബി ജംഗ്ഷന് സമീപം അപകടക്കുഴി മൂടി ടാർ ചെയ്യാൻ നടപടിയില്ല. കുഴി അപകടത്തിനും ഗതാഗതക്കുരുക്കിന് കാരണമാകുമ്പോഴും പ്രശ്നപരിഹാരത്തിന് നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കുകയാണ്.
തളിപ്പറമ്പ് ബസ് സ്റ്റാൻഡിലേക്കുള്ള ബസുകളും മറ്റുവാഹനങ്ങളും ദേശീയ പാതയിൽ നിന്ന് വഴിമാറി പോകുന്ന ഭാഗത്താണ് കുഴി. ഇവിടെ അപകട മുന്നറിയിപ്പായി സ്ഥാപിച്ച പ്ലാസ്റ്റിക് ബാരിക്കേഡാണ് ഗതാഗത തടസത്തിനിടയാക്കുന്നത്.
കഴിഞ്ഞ രണ്ട് മഴക്കാലത്തും ഇവിടെ കുഴി രുപപ്പെട്ടിരുന്നു. പണ്ട് ദേശീയ പാത മുറിച്ച് കടന്നുപോയ ഓവുചാൽ കൃത്യമായി മൂടാത്തതാണ് മഴക്കാലത്ത് ഇവിടെ കുഴി രൂപപ്പെടാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇത്തവണയും കുഴിയുണ്ടായപ്പോൾ മുൻ വർഷങ്ങളിലേതുപോലെ ടാറിംഗ് മിശ്രിതം നിറച്ച് മൂടിയിരുന്നു.
എന്നാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ വീണ്ടും ഈ ഭാഗം താഴ്ന്ന് കുഴിയായി മാറി. ഇതോടെയാണ് അപകട മുന്നറിയിപ്പായി പ്ലാസ്റ്റിക് ബാരിക്കേഡ് സ്ഥാപിച്ചത്.
ദിവസങ്ങൾക്കു ശേഷവും ഇതേ നില തുടരുന്നത് പ്രതിഷേധത്തിനിടയാക്കുകയാണ്. ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.