റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര എന്നിവര് ചേര്ന്ന് ഫ്ളാഗ് ഓഫ് ചെയ്യുന്നു.
കൊച്ചി: കൊച്ചി ആസ്റ്റര് മെഡ്സിറ്റി, കേരള പൊലിസുമായി ചേര്ന്ന് മയക്കുമരുന്നിനും ലഹരിവസ്തുക്കളുടെ ഉപയോഗത്തിനുമെതിരെസംയുക്ത ബോധവത്കരണ കാമ്പയിന് ആരംഭിച്ചു. "തൂഫാനോണം' എന്ന പേരിലുള്ള കാമ്പയിന്, മയക്കുമരുന്നില് നിന്ന് മുക്തമായിട്ടുള്ള സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഇതിന്റെ ഭാഗമായി തൂഫാന് വാരിയര് ബാഡ്ജുകള് വിതരണം ചെയ്യുകയും തൂഫാന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില് സഞ്ചരിക്കുന്ന മഹാബലിയും പ്രചാരണ രഥവുമാണ് ഈ കാമ്പയിന്റെ പ്രധാന ആകര്ഷണം. കൊച്ചി സിറ്റി പൊലിസ് കമ്മീഷണര് എസ്. കാളിരാജ് മഹേഷ് കുമാര്, എറണാകുളം റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര എന്നിവര് ചേര്ന്ന് രഥം ആസ്റ്റര് മെഡ്സിറ്റിയില് നിന്നുംഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളുകള്, കോളജുകള്, പൊതുസ്ഥലങ്ങള്, എന്നിവ കേന്ദ്രീകരിച്ച് കടന്നുപോകുന്ന ഈ രഥയാത്രയില് ബോധവത്കരണ ലഘുലേഖകളും വിതരണം ചെയ്യും. ജില്ലയിലെ പൊലിസ് സ്റ്റേഷനുകളില് രഥത്തിന് സ്വീകരണം നല്കുന്നതോടൊപ്പം, യാത്രയില് ആസ്റ്റര് മെഡ്സിറ്റിയിലെ ഡോക്ടര്മാരുടെ സേവനവും ലഭ്യമായിരിക്കും. ആസ്റ്റര് മെഡ്സിറ്റിയില് നടന്ന ചടങ്ങില് ആസ്റ്റര് മെഡ്സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, സിഒഒ ഡോ. ഷുഹൈബ് ഖാദര്, സിഎംഎസ് ഡോ. ദിലീപ് പണിക്കര്, മെഡിക്കല് വാല്യൂ ട്രാവല് പ്രതിനിധി അമിത് സിംഗാള് എന്നിവര് ലഹരി വിരുദ്ധ സന്ദേശം കൈമാറി.
Tags : anti-drug campaign NattuVishasham DistrictNews